Monday, May 6, 2024
spot_img

ഭാഷകളെ ശരിയായ അര്‍ഥത്തില്‍ പിന്തുണയ്ക്കുന്നതിന് പകരം, ചില പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഭാഷകളെ ഉപയാഗിച്ചു; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു : ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നതിനായി യാതൊരു നടപടികളുമെടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പാർട്ടികൾക്ക് ഗ്രാമപ്രദേശങ്ങളിൽ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാർത്ഥികൾ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമാകുന്നതിൽ യാതൊരു താത്പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയിലെ ശ്രീ മധുസൂദന്‍ സായി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭാഷകളെ ശരിയായ അര്‍ഥത്തില്‍ പിന്തുണയ്ക്കുന്നതിന് പകരം ചില പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഭാഷകളെ ഉപയാഗിച്ചതായി അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിക്കുന്ന ഭാഷയായ കന്നഡയിൽ മെഡിക്കല്‍, എന്‍ജിനിയറിങ്, ടെക്‌നിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നതിന് മുന്‍ സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പാവപ്പെട്ടവരെ വെറും വോട്ട് ബാങ്കായി കണക്കാക്കുന്ന രാഷ്ട്രീയം രാജ്യത്ത് നിലനിന്നിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാർ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. സാധാരണക്കാരുടെ ആരോഗ്യക്ഷേമത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിച്ചു’ അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles