മുംബൈ: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി റവന്യു ഇന്റലിജിൻസ് ഡയറക്ടറേറ്റ് ലഹരി മാഫിയകൾക്കെതിരായി നടത്തിയ തിരച്ചിലിൽ 2.36 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്‌ട്ര ലഹരി മാഫിയ സംഘത്തിലെ രണ്ടു പേരെയും അറസ്റ്റ് ചെയ്ത് കേസെടുത്തതായി ഡി ആർ ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഡി ആർ ഐ ഉദ്യോഗസ്ഥരുടെ വാക്കുകൾ ഇങ്ങനെയാണ്. മുംബൈയിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ ഭക്ഷണ സാധനങ്ങളുടെ പേരിലാണ് കഞ്ചാവ് സൂക്ഷിച്ചിരുത്. യു എസ് വംശജനായ ഒരാളുടെ വിലാസത്തിലായിരുന്നു പൊതി തയ്യാറാക്കിയത്. രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘം എത്തുകയും പൊതി തുറന്ന് പരിശോധിച്ചതിൽ നിന്നുമാണ് ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്താനായത്.
ചരക്ക് ഹൈദരാബാദ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയക്കാനായിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നത്. ഡി ആർ ഐ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ലഹരി മാഫിയ സംഘത്തിലെ കണ്ണികളെ പിടികൂടാൻ സാധിച്ചത്. ലഹരി ഇടപാടുകൾ നടത്തുന്നതിനായി യു എസിന് ഓർഡർ നൽകിയിരുന്നത് ഡാർക്ക് വെബ് എന്ന സൈറ്റ് മുഖേനയായിരുന്നു. ഓർഡർ കൊടുത്ത ശേഷമുള്ള പേയ്‌മെന്റ് ക്രിപ്റ്റോകറൻസിയിലാണ് നൽകിയിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

