Thursday, November 5, 2026

യുദ്ധം തീരാൻ ഇടപെടൽ? ഇറാൻ പ്രസിഡൻ്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ഇരു നേതാക്കളും ദീർഘനേരം ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്

ദില്ലി :പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും പ്രധാനമന്ത്രി മോദി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രധാനമന്ത്രി ഈ ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ചത്.

മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് ഇറാൻ പ്രസിഡന്റിനെ പ്രധാനമന്ത്രി അറിയിച്ചു. യുദ്ധസാഹചര്യങ്ങളിലും ചരക്കുനീക്കവും ഊർജ്ജ വിതരണവും തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ഒരിക്കൽ കൂടി ആവർത്തിച്ചു. ആഗോള വിപണിയെയും സുരക്ഷയെയും ബാധിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നയതന്ത്ര ചർച്ചകളാണ് പോംവഴിയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

യുദ്ധത്തിന് പകരം ചർച്ചകളിലൂടെയും സമാധാനപരമായ നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽ ആശങ്കയുയർത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ ഇടപെടൽ. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സംഭാഷണത്തിൽ സൂചനകളുണ്ടായിരുന്നു.

Related Articles

Latest Articles