ഡെട്രോയിറ്റ്: അമേരിക്കയിലെ മിഷിഗണിൽ ജൂത ആരാധനാലയത്തിന് നേരെ ആക്രമണം. വെസ്റ്റ് ബ്ലൂംഫീൽഡ് ടൗൺഷിപ്പിലെ പ്രശസ്തമായ ‘ടെമ്പിൾ ഇസ്രായേൽ’ സിനഗോഗിലേക്കാണ് തോക്കുധാരിയായ അക്രമികാർ ഇടിച്ചുകയറ്റിയത്. ആക്രമണം നടത്തിയ 41 വയസ്സുകാരനായ അയ്മൻ മുഹമ്മദ് ഗസാലി സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ലബനനിൽ ജനിച്ച ഇയാൾ 2011-ലാണ് അമേരിക്കയിലെത്തിയത്. 2016-ൽ ഇയാൾക്ക് അമേരിക്കൻ പൗരത്വം ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ നടന്ന ഈ ആക്രമണത്തെ ജൂത സമൂഹത്തിന് നേരെ നടന്ന ആസൂത്രിത അക്രമമായാണ് എഫ്ബിഐ വിശേഷിപ്പിക്കുന്നത്.
ആരാധനാലയത്തിന്റെ ഹാളിലേക്ക് അതിവേഗത്തിൽ കാർ ഓടിച്ചു കയറ്റിയ അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഇടിപ്പിന്റെ ആഘാതത്തിൽ വാഹനത്തിന് തീപിടിക്കുകയും ചെയ്തു. സംഭവസമയത്ത് സിനഗോഗിലെ ലേണിംഗ് സെന്ററിൽ 140-ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. പുക ശ്വസിച്ചതിനെ തുടർന്ന് മുപ്പതോളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചികിത്സ നൽകേണ്ടി വന്നു. തക്കസമയത്ത് അക്രമിയെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടലിനെ സിനഗോഗ് അധികൃതരും മിഷിഗൺ ഗവർണറും അഭിനന്ദിച്ചു.
മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയിലെ ജൂത കേന്ദ്രങ്ങൾക്ക് നേരത്തെ തന്നെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ പരിഷ്കൃത ജൂത സിനഗോഗുകളിൽ ഒന്നായ ഇവിടെ ആക്രമണം നടന്നത്. സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്താൻ എഫ്.ബി.ഐ വിപുലമായ അന്വേഷണം ആരംഭിച്ചു. മിഷിഗണിൽ സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളെ ശക്തമായി നേരിടുമെന്നും മിഷിഗൺ അറ്റോർണി ജനറൽ വ്യക്തമാക്കി. കാനഡയിലെ വിവിധ സിനഗോഗുകൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വടക്കേ അമേരിക്കയിലുടനീളം സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

