ടെഹ്‌റാൻ: ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കം 60-ാം ദിവസത്തിലേക്ക് കടന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ രാജ്യത്തെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സൈനിക നടപടികൾ ഇറാനെ തീർത്തും ദുർബലമാക്കിയതായി പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു.
ഇറാനെതിരെയുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചെലവാക്കിയതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെളിപ്പെടുത്തി. ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് യുദ്ധത്തിന്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഏത് വലിയ വില നൽകാനും അമേരിക്ക സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് വ്യക്തമാക്കിയ പെന്റഗൺ, യുദ്ധം എപ്പോൾ അവസാനിക്കും എന്നതിൽ നിലവിൽ വ്യക്തത നൽകിയിട്ടില്ല. വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഈ സൈനിക നീക്കത്തിനെതിരെ അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കിടയിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
കനത്ത ആക്രമണങ്ങൾക്കിടയിലും തങ്ങളുടെ എണ്ണക്കിണറുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇത് തെളിയിക്കാൻ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് ലൈവ് സ്ട്രീമിങ് നടത്താൻ തയ്യാറാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. എന്നാൽ സംയുക്ത സൈനിക നീക്കം ഇറാന്റെ പ്രതിരോധ മേഖലയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

