Monday, September 21, 2026

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണത്തിന് മുതിർന്നു; സമാധാനക്കരാർ വിവരങ്ങൾ ചോർത്തിയതിനെതിരെയും ആഞ്ഞടിച്ച് ഡൊണാൾഡ് ട്രമ്പ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്താൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂത്ത് സോഷ്യൽ’ മാധ്യമത്തിലൂടെയായിരുന്നു ട്രമ്പിന്റെ ഈ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് വച്ച് ഇന്ത്യൻ ജീവനക്കാരുള്ള മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാവുകയും പലാവു പതാകയേന്തിയ ‘എംടി സെറ്റെബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്. കപ്പലുകൾക്ക് നേരെയുള്ള അക്രമ സംഭവങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വ്യക്തമാക്കിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണശ്രമത്തെ അപലപിച്ചതിനൊപ്പം യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നടക്കുന്ന സമാധാനക്കരാറിന്റെ വിവരങ്ങൾ ചോർന്നതിനെതിരെയും ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇറാൻ മാധ്യമങ്ങളിലൂടെ പുറത്തുവന്ന കരാറിന്റെ വിവരങ്ങൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസിക്കാൻ കൊള്ളാത്തവരാണ് ഇറാനികളെന്നും അവരുമായി ഒരു കാര്യത്തിലും നല്ല വിശ്വാസത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും കുറ്റപ്പെടുത്തിയ ട്രമ്പ്, ഇറാൻ എത്രയും വേഗം തങ്ങളുടെ നിലപാടുകൾ തിരുത്തണമെന്നും താക്കീത് നൽകി.

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള കരാറിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും വ്യക്തമാക്കി. കരാർ ഒപ്പിടുന്നതിനോ ചർച്ചകളിൽ പങ്കെടുക്കുന്നതിനോ വേണ്ടി ഇറാന് യാതൊരുവിധത്തിലുള്ള പണവും അമേരിക്ക കൈമാറുന്നില്ലെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വിശദീകരിച്ചു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് കരാർ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും ഇറാൻ തങ്ങളുടെ ബാധ്യതകൾ പൂർണ്ണമായി നിറവേറ്റിയാൽ മാത്രമേ അവർക്കും ആ മേഖലയ്ക്കും സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകൂ എന്നും വാൻസ് കൂട്ടിച്ചേർത്തു.

എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിനോട് ഇരുരാജ്യങ്ങളും എക്കാലത്തേക്കാളും ഇപ്പോൾ വളരെ അടുത്തിരിക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടു.

Related Articles

Latest Articles