ദുബായ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്’ അഞ്ചാം ഘട്ടത്തിലൂടെ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇറാൻ. കുവൈത്തിലെ അബ്ദുള്ള മുബാറക് മേഖലയിലുള്ള അമേരിക്കൻ നാവികതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. നാല് ബാലിസ്റ്റിക് മിസൈലുകളും പന്ത്രണ്ട് ഡ്രോണുകളും ഉപയോഗിച്ചാണ് കുവൈത്തിലെ യുഎസ് താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇറാൻ തകർത്തത്. ഇതിന് പുറമെ ജെബൽ അലി തുറമുഖത്തിന് സമീപം അമേരിക്കൻ കപ്പലുകൾക്കായി വെടിക്കോപ്പുകൾ എത്തിച്ചിരുന്ന ചരക്കുകപ്പൽ നാല് ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ തകർത്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ കപ്പലുകൾക്ക് ഇന്ധനം എത്തിച്ചിരുന്ന എംഎസ് ടി ക്ലാസ് യുദ്ധസഹായ കപ്പലിനെ ഖദർ 380 മിസൈലുകൾ ഉപയോഗിച്ച് തകർത്തതായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു.
ശത്രുക്കൾക്കായി നരകത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും പ്രതികാരം അവസാനിക്കില്ലെന്നും ഐആർജിസി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളത്തിന് നേരെയും ഇറാൻ ആക്രമണം നടത്തി. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ദുബായിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പാം ജുമൈറ, ബുർജ് അൽ അറബ് ഹോട്ടൽ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ നടന്നതായാണ് വിവരങ്ങൾ. ഖത്തർ തലസ്ഥാനമായ ദോഹയിലും ദുബായിലും വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അമേരിക്കയുമായി സഹകരിക്കുന്ന അയൽരാജ്യങ്ങൾക്കും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചനയാണ് ഈ ആക്രമണങ്ങളിലൂടെ ഇറാൻ നൽകുന്നത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിൽ ഖമേനി കൊല്ലപ്പെട്ടതാണ് നിലവിലെ സംഘർഷങ്ങൾക്ക് ആധാരം. ഇതിന് ചരിത്രത്തിലെ ഏറ്റവും ഭീകരമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. റഷ്യയും യൂറോപ്യൻ യൂണിയനും സമാധാനശ്രമങ്ങളുമായി രംഗത്തുണ്ടെങ്കിലും മേഖലയിൽ സ്ഫോടനാത്മകമായ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്.

