Monday, September 21, 2026

ഇറാൻ റെവല്യൂഷണറി ഗാർഡ് നേവി കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്!! ബന്ദർ അബ്ബാസിൽ വ്യോമാക്രമണം

ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നാവികസേനാ മേധാവി കമ്മഡോർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രായേൽ മാദ്ധ്യമങ്ങൾ. ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തങ്‌സിരി കൊല്ലപ്പെട്ടതെന്നാണ് സൂചന. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണ ചുമതലയുണ്ടായിരുന്ന തങ്‌സിരി, ഇറാൻ സൈന്യത്തിലെ ഏറ്റവും പ്രമുഖരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തിന് ശേഷം കൊല്ലപ്പെടുന്ന ഉന്നതതല ഇറാനിയൻ ഉദ്യോഗസ്ഥരുടെ പട്ടികയിൽ തങ്‌സിരിയും ഉൾപ്പെട്ടത് മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.

ഇറാൻ-ഇറാഖ് യുദ്ധകാലം മുതൽ സൈനിക സേവനമനുഷ്ഠിച്ചിട്ടുള്ള തങ്‌സിരി, 2018 മുതലാണ് ഐആർജിസി നാവികസേനാ മേധാവിയായി ചുമതലയേറ്റത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായി ഇദ്ദേഹത്തെയാണ് അമേരിക്കയും ഇസ്രായേലും കണക്കാക്കുന്നത്. ഇറാന്റെ പ്രതിരോധ നടപടികളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന അദ്ദേഹം, ഇതുവരെയുള്ള വധശ്രമങ്ങളിൽ നിന്നെല്ലാം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ ആക്രമണം സംബന്ധിച്ച് ഇറാനോ ഇസ്രായേൽ സൈന്യമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന പേരിൽ ഇറാൻ വലിയ തിരിച്ചടികൾ നൽകുന്നതിനിടെയാണ് ഈ വാർത്ത പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രായേൽ പ്രതിരോധ കേന്ദ്രങ്ങൾക്കും നേരെ ഇതിനോടകം 82 തരംഗങ്ങളിലായി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഇറാൻ നടത്തിക്കഴിഞ്ഞു. ലബനനിലെ ഹിസ്ബുള്ളയും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസും ഇറാന് പിന്തുണയുമായി യുദ്ധത്തിൽ പങ്കുചേരുന്നുണ്ട്. തങ്‌സിരിയുടെ വിയോഗം ഇറാന്റെ നാവിക നീക്കങ്ങളെയും ഹോർമുസ് കടലിടുക്കിലെ ഉപരോധത്തെയും എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Related Articles

Latest Articles