Monday, October 19, 2026

ഹോർമൂസ് തുറക്കാമെന്ന് ഇറാൻ ! രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക ; പശ്ചിമേഷ്യയിൽ ഒടുവിൽ താത്കാലിക സമാധാനം

വാഷിംഗ്ടൺ : പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധഭീതിക്ക് താത്കാലിക വിരാമം കുറിച്ചുകൊണ്ട് ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ച സാഹചര്യത്തിലാണ് ട്രമ്പിന്റെ ഈ നിർണ്ണായക തീരുമാനം. അമേരിക്കൻ സമയം രാത്രി എട്ടു മണിക്ക് മുൻപായി ഇറാൻ തീരുമാനമെടുത്തില്ലെങ്കിൽ വൻ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന അന്ത്യശാസനത്തിന് തൊട്ടുപിന്നാലെയാണ് ട്രമ്പിന്റെ തീരുമാനം.

ഇറാൻ മുന്നോട്ടുവെച്ച പത്ത് നിർദ്ദേശങ്ങൾ ചർച്ചകൾക്ക് അനുയോജ്യമാണെന്ന് ട്രമ്പ് വ്യക്തമാക്കിയിട്ടുണ്ട്. കരാറിന്റെ അന്തിമരൂപം തയ്യാറാക്കാൻ രണ്ടാഴ്ചത്തെ സമയം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ വെടിനിർത്തൽ യുദ്ധത്തിന്റെ അന്ത്യമല്ലെന്നും ഏത് നിമിഷവും തിരിച്ചടിക്കാൻ സൈന്യം സജ്ജമാണെന്നും ഇറാന്റെ പരമോന്നത സുരക്ഷാ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ തങ്ങളും പ്രതിരോധ നടപടികൾ നിർത്തിവെക്കുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും പ്രതികരിച്ചു.

ഇസ്രായേലും ലബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടത്തിലും ഈ വെടിനിർത്തൽ വ്യവസ്ഥകൾ ബാധകമാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ സൈന്യം ചൊവ്വാഴ്ച മുതൽ ആക്രമണങ്ങൾ നിർത്തിവെച്ചെങ്കിലും ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാന്റെ ഭാഗത്തുനിന്ന് ചില മിസൈൽ ആക്രമണങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നത് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രണ്ടാഴ്ചത്തെ ഈ താത്കാലിക സമാധാനം മേഖലയിലെ സംഘർഷങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.

Related Articles

Latest Articles