Sunday, November 1, 2026

അമേരിക്കൻ ടെക് കമ്പനികൾക്ക് നേരെ ഇറാന്റെ ആക്രമണ ഭീഷണി; ഗൂഗിളും ആപ്പിളും ടെസ്‌ലയും ലക്ഷ്യസ്ഥാനങ്ങളെന്ന് ഐആർജിസി

യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ, പ്രമുഖ അമേരിക്കൻ ടെക് കമ്പനികൾക്ക് നേരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ടെസ്‌ല തുടങ്ങിയ ആഗോള കമ്പനികളെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികളിൽ ഈ കമ്പനികൾക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ നീക്കം.

ഇറാൻ സമയം ഏപ്രിൽ 1 രാത്രി 8 മണി മുതൽ ഇത്തരം സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടൻ ഒഴിഞ്ഞുപോകണമെന്നും ഓഫീസുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഐആർജിസി നിർദ്ദേശിച്ചു. അമേരിക്കൻ ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ ഇറാനിലെ ഉന്നതരെ വധിക്കാനുള്ള പദ്ധതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇറാന്റെ പ്രധാന ആരോപണം. ഇറാനിൽ നടക്കുന്ന ഓരോ ഭീകരപ്രവർത്തനത്തിനും പകരമായി ഈ കമ്പനികളുടെ സൗകര്യങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാൻ ഒരു ഒത്തുതീർപ്പിന് തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെറുതെ ഭീഷണിപ്പെടുത്തുന്ന ആളല്ലെന്നും ഇറാനിലെ പുതിയ നേതൃത്വം വിവേകപൂർവ്വം പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാനുമായി ഔദ്യോഗിക ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ടെഹ്‌റാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം ആഗോള സാമ്പത്തിക ഇടപാടുകളെയും വിവരസാങ്കേതിക മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. സൈനിക ആക്രമണങ്ങൾക്ക് പുറമെ വൻതോതിലുള്ള സൈബർ ആക്രമണങ്ങളും ഉണ്ടായേക്കാമെന്ന് സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Latest Articles