Friday, September 18, 2026

നയതന്ത്ര നീക്കങ്ങളിലേക്ക് തിരിഞ്ഞ് ഇറാൻ!! യുദ്ധം അവസാനിപ്പിക്കാൻ അനുകൂല സാഹചര്യമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ

ടെഹ്‌റാൻ : സംഘർഷങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കും ഒടുവിൽ നയതന്ത്ര ചർച്ചകളിലൂടെ ശാന്തി സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഇറാൻ ഭരണകൂടം. നിലവിൽ തങ്ങൾ സാമ്പത്തികമായും സൈനികമായും ഏറെ ശക്തമായ സ്ഥിതിയിലാണെന്നും, അതുകൊണ്ടുതന്നെ അന്തസ്സോടെ യുദ്ധം അവസാനിപ്പിക്കാൻ ഇത് തന്നെയാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി അമേരിക്ക സ്‌കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തെറിഞ്ഞുവെന്ന് പെസെഷ്കിയൻ കുറ്റപ്പെടുത്തി. എന്നാൽ പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ വിജയം ലോക രാജ്യങ്ങൾ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണാപത്രത്തെ പ്രതിരോധിച്ചുകൊണ്ട് സംസാരിച്ച ഇറാൻ പ്രസിഡന്റ്, ഈ കരാർ രാജ്യത്തിന്റെ പരാജയമോ കീഴടങ്ങലോ അല്ലെന്ന് വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകളെല്ലാം എതിർപക്ഷത്തിന് ബാധകമായവ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പരമാധികാരിയായ ആയത്തുള്ള മൊജ്തബ ഖമനേയിയുടെ അനുമതിയോടെയാണ് കരാർ നിലവിൽ വന്നതെങ്കിലും, രാജ്യത്തെ ചില കടുത്ത നിലപാടുകളുള്ള പാർലമെന്റ് അംഗങ്ങൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളും അമേരിക്കയ്ക്ക് മുന്നിൽ അടിയറവുവെച്ചു എന്നായിരുന്നു അവരുടെ പ്രധാന ആരോപണം.മറുവശത്ത്, ഇറാനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങളുമായി മുന്നോട്ട് പോകാനാണ് അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം. സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ ഇറാൻ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles