ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം പിടിയിൽ. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മധ്യപ്രദേശിൽ നിന്ന് വലയിലായത്. 2016 ഏപ്രിൽ 30-ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സിദ്ദിഖ് നഗർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന 60 വയസ്സുള്ള മെരടൻ കുഞ്ഞാമിന എന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന ദില്ലി സ്വദേശികളായ പർവീൺ ബാനു (55) സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി കണ്ണൂരിൽ ഹാജരാക്കിയതിനു ശേഷം വിശദമായ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
2016 ഏപ്രിൽ 30 നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്ക് പോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാതിരുന്നതിനാൽ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
ഇവരുടെ ക്വാർട്ടേഴ്സിൽ ഒരു മാസം മുൻപ് വാടകയ്ക്ക് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂവർ സംഘം അന്ന് രാവിലെ 9.30 ഓടെ ക്വാർട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു. രാവിലെ 8നും 9.30നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റുമോർട്ടത്തിലും സ്ഥിരീകരിച്ചു. മൂവരും വ്യാജ പേരും മേൽവിലാസവുമായിരുന്നു നൽകിയിരുന്നത്.
ആന്ധ്രാ പ്രദേശിലെ ഓംഗോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെനിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. ഈ കേസിൽ പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ എല്ലാ മുൻ കരുതലുകളും നടത്തിയിരുന്നു. പ്രതികൾ വ്യാജ രേഖകൾ നൽകിയാണ് ക്വാർട്ടേഴ്‌സ് വാടകക്കെടുത്തത്. സംഭവത്തിന് മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി. കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ് ഫോണിന്റെ സിംകാർഡുകൾ സംഘടിപ്പിച്ചത്. പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല.
ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016-ൽ രജിസ്റ്റർ ചെയ്ത കേസ് 2024-ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാൻ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. തെലുങ്കു, കന്നഡ, തമിഴ്, മലയാളം. ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസർഗോഡ് വയനാട്, മലപ്പുറം പാലക്കാട് തിരുവനന്തപുരം എന്നീ ജില്ലകളിലും തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ദില്ലി എന്നീ സ്ഥലങ്ങളിലും മാറിമാറി താമസിച്ച് പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

