Tuesday, May 21, 2024
spot_img

ഐഎസിലേക്ക് റിക്രൂട്‌മെന്റ് നടത്തിയ കേസ്; മലയാളിയായ നഷിദുള്‍ ഹംസഫര്‍ കുറ്റക്കാരൻ, ശിക്ഷാവിധി ഈ മാസം 23ന്

കൊച്ചി: ഇസ്ലാമിക തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയും ഐഎസ് പ്രവര്‍ത്തകനുമായ കല്പറ്റ സ്വദേശി നഷിദുല്‍ ഹംസഫര്‍ കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഈ മാസം 23ന് വിധിക്കും.

2016ല്‍ സ്ത്രീകളുള്‍പ്പെടെയുള്ളവരെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാനായി 14 പേരെ വിദേശത്തേക്ക് കടത്തിയ കേസിലെ പതിനാറാം പ്രതിയാണ് ഹംസഫര്‍. ഇയാള്‍ക്കെതിരെ 2018ല്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കാസര്‍കോട് സ്വദേശികളായ 14 യുവാക്കളെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. 2016 മെയ്, ജൂണ്‍ മാസങ്ങളിലാണ് യുവാക്കളെ ഐഎസില്‍ ചേര്‍ക്കാനായി വിദേശത്തേക്കു കടത്തിയത്.

സംഘത്തോടൊപ്പം ചേരാന്‍ 2017 ഒക്ടോബര്‍ മൂന്നിന് ഹംസഫറും വിദേശയാത്ര നടത്തിയിരുന്നു. മസ്‌കറ്റ്, ഒമാന്‍ വഴി ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലെ കാബൂളിലുമെത്തിയ ഇയാള്‍ അവിടെ വെച്ച് പിടിക്കപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ ഹംസഫറിനെ 2018 സെപ്തംബര്‍ 18 നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles