എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ കൂടി പ്രഖ്യാപിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നും രേഖകൾ പരിശോധിക്കുന്നതിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന് എന്താണ് ആശങ്കയെന്നുമാണ് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചത്. എന്നാൽ തങ്ങൾക്ക് ഒളിക്കാനൊന്നുമില്ലെന്നും 2 സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് നിയമാനുസൃതമല്ലെന്നുമാണ് കെഎസ്ഐഡിസി വാദിച്ചത്.
എക്സാലോജിക്, സിഎംആർഎൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 12ന് പരിഗണിക്കുമ്പോൾ കെഎസ്ഐഡിസി വാദവും പരിഗണിക്കും. ഇന്ന് കെഎസ്ഐഡിസി ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ തന്നെയായിരുന്നു ഹൈക്കോടതിയിൽ കേസ് പരിഗണിച്ചതും. കഴിഞ്ഞ മാസം 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാര്‍ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്. എക്‌സാലോജിക്കിന് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആർഎൽ നൽകിയ വിവരം തെറ്റാണെന്നു വെളിപ്പെട്ടതോടെയാണ് കോർപറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. ആദ്യം കമ്പനി നിയമത്തിലെ വകുപ്പ് 210 അനുസരിച്ച് ആയിരുന്നെങ്കിൽ പിന്നീട് ഇത് സിഎഫ്ഐഒ അന്വേഷണമായി മാറി.

