Monday, April 29, 2024
spot_img

ഇതാണോ ‘ദൈവത്തിന്റെ സ്വന്തം നാട്’ ? ഇവിടെ എന്ത് സുരക്ഷയാണ് ജനങ്ങൾക്ക് ഉള്ളത് ? ആരാണ് നമ്മെ സംരക്ഷിക്കേണ്ടത്? അധികാരികളെ ഇനിയെങ്കിലും കണ്ണ് തുറക്കൂ…

കേരളം എന്ന് പറയുമ്പോൾ തന്നെ ഓർമ്മ വരിക ‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന നിർവചനം ആയിരിക്കും. മലയാളികൾ മറ്റ് സ്ഥലങ്ങളിൽ ചെന്ന് കേരളത്തിൽ നിന്നെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുമ്പോൾ അവർ അതിശയത്തോടെ തിരിച്ച് ചോദിക്കും ‘ഓ ഗോഡ്സ് ഓൺ കൺട്രി’ എന്ന്. അത് കേൾക്കുമ്പോൾ തന്നെ ഒരു ആവേശമൊക്കെ തോന്നും. എന്നാൽ ഇപ്പോൾ കേരളത്തെ ‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കാൻ തന്നെ നാണക്കേട് തോന്നുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടല്ലാതെയാക്കുന്നത് നമ്മളെ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ക്രൂര സംഭവങ്ങളാണ്. അതിന് വലിയ ഒരു ഉദാഹരമാണ് കഴിഞ്ഞ ദിവസം അതിക്രൂരമായി കൊല്ലപ്പെട്ട 5 വയസുകാരി ചാന്ദ്നിയുടേത്. സാക്ഷരതയാൽ സമ്പന്നമായ കൊച്ചുകേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 214 കുട്ടികൾ കേരളത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളാ പോലീസ് പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം കുട്ടികൾക്കെതിരായ അതിക്രമങ്ങൽ വൻ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2016 മുതൽ 2023 മേയ് വരെ സംസ്ഥാനത്ത് കുട്ടികൾക്കെതിരെ നടന്ന അക്രമങ്ങളുടെ എണ്ണം 31,364 ആണ്. 9,604 കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമമാണ് നടന്നിട്ടുള്ളത്.

പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ കേരളത്തിൽ ‘അതിഥികളായെത്തി’ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ സാമൂഹ്യസുരക്ഷയെ വലിയ തോതിൽ ബാധിക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2016 മുതൽ 2022 വരെ സംസ്ഥാനത്ത് നടന്ന 118 കൊലപാതകക്കേസുകളിൽ 159 ഇതര സംസ്ഥാനത്തൊഴിലാളികളാണ് പ്രതികളായത്. സംസ്ഥാനത്ത് എത്തുന്ന ഇതര ഭാഷാ തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നതിൽ പോലീസിനും ആഭ്യന്തരവകുപ്പിനും കാര്യമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. പോലീസ് സ്റ്റേഷനുകളിൽ മൈഗ്രന്റ് ലേബർ രജിസ്റ്റർ ഉണ്ടെന്ന് പറയുമ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ല.

കേരളത്തിൽ എറണാകുളം ജില്ലയിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവും അധികം താമസിക്കുന്നത്. ഇവരിൽ ബംഗ്ലാദേശികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. 2016ലാണ് പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ അതിക്രമം മൂലം നിയമവിദ്യർത്ഥിനി കൊല്ലപ്പെട്ടത്. ഇതേ പെരുമ്പാവൂർ തന്നെയാണ് കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഹബ്ബായി പ്രവർത്തിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി സ്ഥിരതാമസമാക്കുന്ന പലരും കൊടും കുറ്റവാളികളാണെന്നും പല കേസുകളും സൂചിപ്പിക്കുന്നു. പലരും വ്യാജ തിരിച്ചറിയൽ കാർഡുമായാണ് സംസ്ഥാനത്ത് സൈ്വര്യവിഹാരം നടത്തുന്നതെന്നും വിമർശനമുണ്ട്. കുറ്റവാളികൾക്കും ലഹരിമാഫിയകൾക്കും സ്വസ്ഥമായി തങ്ങാനുള്ള നാടായി കേരളം മാറുന്നുവെന്ന ആക്ഷേപവും തത്ഫലമായാണ് ഉയരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജോലി തേടി വരുന്നവരുടെ യാഥാർത്ഥ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്താൻ കർശനമായ നിയമ സംവിധാനത്തിന്റെ അപര്യാപ്തതയുണ്ടെന്നാണ് ആക്ഷേപം.

ഒരു അപകടം നടന്നതിന് ശേഷം ന്യായീകരണങ്ങൾ നിരവധി നിരത്തിയിട്ട് ഒന്നും ഒരുകാര്യവും ഇല്ല. ആവർത്തിക്കാതിരിക്കണമെങ്കിൽ, ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യണം.

Related Articles

Latest Articles