Tuesday, April 23, 2024
spot_img

”കമ്മ്യൂണിസ്റ്റ് പേരുകൾ ഉപയോഗിക്കണം”; കശ്മീരിലെ ഭീകര സംഘടനകൾക്ക് നിർദ്ദേശം നൽകി ഐഎസ്‌ഐ

ദില്ലി: ഭീകര സംഘടനകളുടെ പാക് ബന്ധം ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പേരുകൾ ഉപയോഗിക്കണമെന്ന് ജമ്മു കശ്മീരിലെ ഭീകര സംഘടനകൾക്ക് ഐഎസ്‌ഐ (ISI instructs terror outfits in J&K to use Communist names to avoid detection)നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ജമ്മുകശ്മീരില്‍ സജീവമായ തീവ്രവാദ സംഘടനകളോട് ആണ് കമ്മ്യൂണിസ്റ്റ് സംഘടനകളുടെ പേരിനോട് സാമ്യമുള്ള പേരിലേക്ക് മാറണമെന്നാണ് ഐഎസ്ഐ നിർദേശിച്ചിരിക്കുന്നത്. ‘ദ റെസിസ്റ്റന്‍സ് ഫ്രണ്ട്’ പോലുള്ള ഏതെങ്കിലും പേരിലേക്ക് മാറാനാണ് നിര്‍ദേശമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പ്രവർത്തകർക്കിടയില്‍ തങ്ങളെ കമ്മ്യൂണിസ്റ്റ് സംഘടനകളായി പ്രചരിപ്പിക്കാന്‍ ഐഎസ്‌ഐ ഈ ഗ്രൂപ്പുകളോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ജമ്മു കശ്മീരില്‍ എന്തെങ്കിലും ഭീകരപ്രവര്‍ത്തനം ഉണ്ടായാല്‍ വ്യക്തമായ തെളിവുകള്‍ സഹിതം ഇന്ത്യ എല്ലായിപ്പോഴും പാകിസ്ഥാനെ ഉത്തരവാദികളാക്കുന്നതില്‍ ഐഎസ്ഐ ആശങ്കാകുലരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാജപേരുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇപ്പോള്‍ ചൈന ഒഴികെയുള്ള ഭൂരിഭാഗം രാജ്യങ്ങളും പാകിസ്ഥാന്‍ അവരുടെ മണ്ണില്‍ നിന്ന് തീവ്രവാദത്തെ പിന്തുണയ്ക്കുന്നെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതും പാകിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ തലവേദനയാണ്. കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ ഇടതുപക്ഷ പേരുകളുള്ള പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാനും മതപരമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഭീകര സംഘടനകളോട് ഐഎസ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഈ പുതിയ നീക്കത്തിലൂടെ പാകിസ്ഥാന്‍ രണ്ട് ലക്ഷ്യങ്ങളാണ് മുന്നില്‍കാണുന്നതെന്ന് ജമ്മു കാശ്മീരില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒന്നാമതായി, ഭീകരപ്രവര്‍ത്തങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ ബോധ്യപ്പെടുത്താനാകും. രണ്ടാമതായി, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് തങ്ങളെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യുന്നത് ഒഴിവാക്കാനും കഴിയും. 2018 ജൂണ്‍ മുതല്‍ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാന്‍ ഉള്ളത്.

Related Articles

Latest Articles