Saturday, January 10, 2026

റിപ്പബ്ലിക് ദിനാഘോഷങ്ങളും തെരഞ്ഞെടുപ്പും അട്ടിമറിക്കാൻ പാക് ചാരസംഘടനയുടെ കെ2 ഡെസ്ക്: സുരക്ഷ ശക്തിപ്പെടുത്തി ഇന്ത്യ

ദില്ലി: റിപ്പബ്ലിക് ദിനത്തിൽ ഭീകരക്രമണങ്ങൾ നടത്താനും അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും പാക് ചാര സംഘടനയായ ഐ എസ് ഐ തയ്യാറെടുക്കുന്നതായി സൂചന. കശ്മീർ-ഖാലിസ്ഥാൻ ഡസ്ക് അഥവാ കെ2 ഡസ്ക് പുനസ്ഥാപിച്ചാണ് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ പുതിയ നീക്കം നടക്കുന്നത്. പഞ്ചാബിലെയും കാശ്മീരിലെയും ഇന്ത്യ വിരുദ്ധ വികാരങ്ങളെ ഏകോപിപ്പിക്കുകയാണ് കെ 2 ഡെസ്കിന്റെ ലക്ഷ്യമെന്ന് ദില്ലി പോലീസ് പറയുന്നു. പ്രശ്നങ്ങളുണ്ടാക്കാൻ രാജ്യത്തേക്ക് കടന്ന തീവ്രവാദികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ ഇന്ന് ദില്ലി പോലീസ് പുറത്തുവിട്ടു. അതിർത്തിക്കപ്പുറത്ത് നുഴഞ്ഞു കയറ്റം ലക്ഷ്യമിട്ട് 350 ഓളം തീവ്രവാദികൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നിരോധിത ഖാലിസ്ഥാൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് മേധാവിയും ബുർഖാ ധാരിയായ ഒരു സ്ത്രീയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കശ്മീരിലെ ഭീകരരോട് റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലെത്താനും കാശ്മീരും ഖാലിസ്ഥാനും മോചിപ്പിക്കാനും അവർ ആഹ്വനം ചെയ്യുന്നുണ്ട്. ഇത് ഖാലിസ്ഥാൻ തീവ്രവാദികളും കാശ്മീരി ജിഹാദികളും ഒരുമിച്ചതിന്റെ സൂചനയായി സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. കശ്മീരിൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഭീകരൻ ബുർഹാൻ വാണിയുടെ ചിത്രവും വീഡിയോയിലുണ്ട്. രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ വീഡിയോ പ്രചാരണവും ഐ എസ് ഐ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. 35 ലധികം യുട്യൂബ് ചാനലുകളും മറ്റു സമൂഹ മാധ്യമ അക്കൗണ്ടുകളും ഇതിനെ തുടർന്ന് രാജ്യത്ത് നിരോധിച്ചിരുന്നു. ഇത്തരം ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഐ എസ് ഐ കെ2 ഡസ്ക് പുനസ്ഥാപിച്ചതെന്ന് സുരക്ഷാ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles