Friday, April 26, 2024
spot_img

ഇസ്ലാമിക് സ്റ്റേറ്റ് ഇനി ഇല്ല. അവസാന കേന്ദ്രവും സഖ്യസേന തകർത്തു. പിടികൊടുക്കാതെ ബാഗ്ദാദി



ഡമാസ്കസ് : ഇസ്ലാമിക ഭീകരതയുടെ കരിങ്കൊടിയുമായി ഖാലിഫേറ്റ് ലോകം നിർമ്മിക്കാനിറങ്ങിയ ഇസ്ലാമിക് സ്റ്റേറ്റിന് ഒടുവിൽ അവസാനമായി. ഐഎസിന്റെ കൈപ്പിടിയിലെ അവസാനത്തെ കേന്ദ്രമായ സിറിയയിലെ ബാഗൂസ്, സഖ്യ സൈന്യം കീഴടക്കി. സിറിയൻ ജനാധിപത്യ സേനയുടെ വക്താവായ മുസ്തഫ ബാലിയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇസ്ലാമിക സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി എവിടെ എന്നതിന് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല.

തടവിലാക്കിയ സ്ത്രീകളേയും കുട്ടികളേയും പ്രതിരോധമാക്കിയ ഐഎസിനെ ആഴ്ച്ചകൾ നീണ്ട പോരാട്ടത്തിലാണ് ജനാധിപത്യ സഖ്യ സേന കീഴടക്കിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഇതാ ബാഗൂസ് സ്വതന്ത്രമായിരിക്കുന്നു, ഐഎസിന്റെ മേലുള്ള യുദ്ധവിജയം പൂർണമായിരിക്കുന്നു’. ബാലി ട്വിറ്ററിൽ പ്രഖ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെ പൂർണമായും ഇല്ലാതാക്കുമെന്ന പ്രതിജ്ഞ പാലിക്കുമെന്നും ഇനിയും പലയിടങ്ങളിലും ഒളിച്ചു കഴിയുന്ന ഭീകരരെ പൂർണമായും ഇല്ലായ്മ ചെയ്യുമെന്നും ജനാധിപത്യ സേന വ്യക്തമാക്കി.
ബാഗൂസിൽ തമ്പടിച്ച ഭീകരർ ജനങ്ങളെ ബന്ദികളാക്കി കേന്ദ്രം സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും സഖ്യസൈന്യത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. നേരത്തെ മൂവായിരത്തോളം ഭീകരർ കീഴടങ്ങിയതായി സഖ്യസേന വക്താവ് വ്യക്തമാക്കിയിരുന്നു. ഇതിൽ മലയാളി ഭീകരരും ഉൾപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു.

രണ്ടായിരത്തിപതിനാലിലാണ്, ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇറാഖിന്റെയും സിറിയയുടേയും നല്ലൊരു ശതമാനം പ്രദേശവും കൈക്കലാക്കി ഇസ്ലാമിക്ക് സ്റ്റേറ്റ് തേരോട്ടം തുടങ്ങിയത്. ഇറാഖിലെ സിൻജൂർ മലനിരകളിലെ ആദിമ ജനതയായ യസീദികളെ കൂട്ടക്കുരുതി ചെയ്തതും, അവരുടെ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയതും ലോകത്തെ ഞെട്ടിച്ചിരുന്നു. ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകളായിരുന്നു, യസീദികളോട് ഐസിസ് ഭീകരർ കാട്ടിയത്.

ലോകവ്യാപകമായി ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോഴും, സിറിയയിലെ അസദ് ഭരണകൂടത്തെ വീഴ്ത്തുന്നതിലായിരുന്നു അമേരിക്കൻ ശ്രദ്ധ. ഇസ്ലാമിക സ്റ്റേറ്റിന് വളമായതും, അമേരിക്കയുടെ അയഞ്ഞ ഇടപെടൽ ആയിരുന്നു എന്ന് വിമർശനം ഉയർന്നു. ഈ ഘട്ടത്തിൽ, റഷ്യയുടെ ശക്തമായ ഇടപെടലാണ് നിർണ്ണായകമായത്. റഷ്യയുടെ വ്യോമസേന നടത്തിയ ആക്രമണങ്ങളും, അവരുടെ പിന്തുണയോടെ സിറിയൻ ജനാധിപത്യ സേനയുടെ ശക്തമായ പ്രതിരോധവും കാരണമാണ് ഐസിസ് ക്ഷയിച്ചത്.

ഭീകരരുടെ പ്രധാന കേന്ദ്രങ്ങളായ ആലപ്പോയും, റഖയും മൊസൂളും നഷ്ടമായതിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് പിന്തിരിഞ്ഞ് ഓടാൻ തുടങ്ങി. അവസാന യുദ്ധത്തിന് തയ്യാറെടുക്കാനുള്ള ആഹ്വാനം വന്നതോടെ ജീവനുവേണ്ടി കേണപേക്ഷിച്ച്, സഖ്യസേനയ്ക്ക് മുന്നിൽ കീഴടങ്ങിയത് മൂവായിരത്തോളം ഐഎസ് ഭീകരരാണ്. ഇവരിൽ വിദേശികളും ഉൾപ്പെടും.

ഇനി വിവിധ രാജ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഐസിസ് രഹസ്യ സെല്ലുകളെ കണ്ടെത്തി ഇല്ലാതാക്കലാവും ലോക രാജ്യങ്ങളുടെ ചുമതല.

Related Articles

Latest Articles