Wednesday, May 8, 2024
spot_img

ഇസ്ലാമിക സ്റ്റേറ്റ് അവസാനിച്ചോ? എങ്കിൽ ഐ എസ് തലവൻ എവിടെ? സംശയങ്ങൾ അവസാനിക്കാതെ ലോകം


മതഭ്രാന്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഏറ്റവും ക്രൂരമായ ഭാഷ്യം ലോകത്തിന്റെ മുൻപിൽ അവതരിപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റിന് എന്ന ഭീകര സംഘടനക്ക് സിറിയയിൽ ഇനി ശക്തി കേന്ദ്രങ്ങൾ ഒന്നുമില്ലെന്ന്‌ സിറിയൻ ജനാധിപത്യ സേനയും സർക്കാരും പറയുമ്പോഴും ഈ പരാജയം ഐഎസ്സിന്റെ പൂർണ്ണമായ പതനം ആയി കാണാൻ സാധിക്കില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. സിറിയയിലെ അവസാന ശക്തികേന്ദ്രമായ ബഗൂസ് വീണതോടെ ഐ എസ ഇനി രാജ്യത്ത് അവശേഷിക്കുന്നില്ല എന്ന അവകാശവാദം ശരിയാകണമെന്നില്ല എന്നാണ് വിലയിരുത്തൽ.

ആഴ്ച്ചകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ബാഗൂസ് സ്വതന്ത്രമായങ്കിലും ഇസ്ലാമിക് സ്റ്റേറ്റിനു ഇപ്പോഴും നഗരത്തിൽ പലയിടത്തായി ഒളിത്താവങ്ങൾ ഉണ്ട്. ഒളിയുദ്ധത്തിലും ഇവർ പ്രാഗല്ഭ്യം നേടിയെന്നും പുതിയ പോരാട്ടങ്ങൾ തെളിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജാഗ്രത ഒട്ടും കുറയാതെ പിടിച്ചെടുത്ത പ്രദേശങ്ങൾ നിരീക്ഷിക്കാനാണ് സേനക്കു ലഭിച്ചിട്ടുള്ള നിർദേശം.

ഐഎസിന്റെ ഇസ്ലാമിക സാമ്രാജ്യം എന്ന സ്വപ്നം പൊളിഞ്ഞെങ്കിലും, ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഈജിപ്തിലുമൊക്കെയുള്ള ഐഎസ് കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നാണ് അമേരിക്ക കരുതുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തതോടെ ഭീകരസംഘടനയുടെ തലവൻ അബുബക്കർ അൽ ബാഗ്ദ്ധാദി ക്കു വേണ്ടിയുള്ള തിരച്ചിൽ ഒന്ന് കൂടി ഊര്ജിതമാകുമെന്നാണ് കരുതപ്പെടുന്നത്.47 വയസ്സുള്ള ഇയാളുടെ തലയ്ക്കു അമേരിക്ക 25 മില്യൺ ഡോളർ ആണ് വിലയിട്ടിരിക്കുന്നത്. സിറിയ നിഷേധിച്ചെങ്കിലും ഇയാളും അടുത്ത അനുയായികളും സിറിയയിലെ വിശാലമായ ബദിയ മരുഭൂമിയിൽ എവിടെയെങ്കിലും ഉണ്ടാകും എന്നാണ് സിഐഎ കരുതുന്നത്. ഇസ്ലാമിക സ്റ്റേറ്റിന്റെ ഖലീഫ ആയി സ്വയം പ്രഖ്യാപിച്ച ഇയാൾ ഒരു ആധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നില്ല. ഇപ്പോഴും കൂടെ ഉണ്ടാകുക മൂന്ന് പേരാണ്. ഇയാളുടെ സഹോദരനായ ജുമായും പിന്നെ ബാല്യകാലം മുതൽ അറിയുന്ന രണ്ടു സഹായികളും. മൂന്ന് ഭാര്യമാർ ഉള്ള ബാഗ്ദാദി നിരവധി സ്ത്രീകളെ അടിമകളും ലൈംഗിക അടിമകളുമാക്കി കൂടെ താമസിപ്പിച്ചിരുന്നു.

2014 നു ശേഷം പൊതുജന സമക്ഷം പ്രത്യക്ഷപെടാത്ത ബാഗ്ദാദി കൊല്ലപെട്ടുവെന്നും വർത്തയുണ്ടെങ്കിലും അമേരിക്കയും സിറിയയും വിശ്വസിക്കുന്നത് മറിച്ചാണ്. ഇയാളുടെ ഒളിത്താവളങ്ങൾ തേടി അമേരിക്കയുടെ ഉപഗ്രഹങ്ങളും ഡ്രോണുകളും സിറിയയുടെ ആകാശത്തു ഇപ്പോഴും ശ്രദ്ധയോടെ നിലകൊള്ളുന്നുണ്ട് .

ഐ എസ് വിരുദ്ധയുദ്ധത്തിൽ സിറിയൻ ജനാധിപത്യ സേനക്കു ശക്തമായ അമേരിക്കൻ പിന്തുണയുണ്ട്. നിരവധി അമേരിക്കൻ സൈനികരുടെ മരണത്തിനു ഉത്തരവാദിയായ അബുബക്കർ ബാഗ്ദാദിയെ ഇല്ലാതാക്കേണ്ടത് അമേരിക്കയുടെ ഒരു അഭിമാന പ്രശനം കൂടിയായി മാറിയിട്ടുണ്ട്..

2014 ലാണ് ഇറാഖിലേയും സിറിയയിലെയും വലിയൊരു ഭൂപ്രദേശം പിടിച്ചെടുത്ത ഇസ്ലാമിക്ക് സ്റ്റേറ്റ് നിലവിൽ വന്നത്. നിരവധി മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ഭീകര സംഘടനയിൽ ചേരാനായി അവരുടെ ജന്മനാട് വിട്ടു സിറിയയിലും ഇറാക്കിലും എത്തിയിരുന്നു.

Related Articles

Latest Articles