Saturday, May 18, 2024
spot_img

കോഴിക്കോട്ടെ ട്രെയിൻ ആക്രമണം ആസൂത്രിതമെന്ന് വ്യക്തം; ഇസ്ലാമിക ഭീകര സംഘടനകളുടെയും മാവോയിസ്റ്റ് സംഘടനകളുടെയും പങ്ക് പരിശോധിക്കുന്നു; പ്രതിക്ക് 25 വയസ്സ് പ്രായമെന്ന് മന്ത്രി അഹമ്മദ് തേവർ കോവിൽ

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് തീവച്ച സംഭവം ആസൂത്രിത ആക്രമണമെന്ന് വ്യക്തമാക്കി പോലീസ്. നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ ഒരു പള്ളിയിൽ നിന്നാണ് അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ദൃശ്യങ്ങൾ ഐ ബി യും പരിശോധിച്ചുവരികയാണ്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിന്റെ ഫോറൻസിക് പരിശോധനാ ഫലവും നിർണ്ണായകമാകുകയാണ്. അക്രമി പുറത്തുവന്ന് അൽപ്പംനേരം കാത്തുനിന്നശേഷം ഒരു മോട്ടോർ ബൈക്കിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ആസൂത്രിത ആക്രമണം എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. ഒന്നിൽ കൂടുതൽ പ്രതികളും ആക്രമണത്തിന് പിന്നിലുണ്ടെന്ന സൂചനയാണ് ദൃശ്യങ്ങൾ നൽകുന്നത്. പുറത്തെത്തി പ്രതി ഫോൺ ചെയ്യുന്നതായി വ്യക്തമാണ്. അതുകൊണ്ടുതന്നെ ആ ഫോൺ സംഭാഷണം അന്വേഷണത്തിലെ നിർണ്ണായക തെളിവാകും.

അതേസമയം പ്രതി 25 വയസ്സിനടുത്ത് പ്രായമുള്ളയാളാണെന്ന് വെളിപ്പെടുത്തി മന്ത്രി അഹമ്മദ് തേവർകോവിൽ. സംസ്ഥാന എ ടി എസ് മേധാവി കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിക്കുകയാണ്. കേന്ദ്ര ഏജൻസികളായ ഐ ബി യും എൻ ഐ എ യും വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. എൻ ഐ എ യുടെയും ഇന്റെലിജെൻസ് ബ്യുറോയുടെയും പ്രത്യേക സംഘം ഉടൻ കേരളത്തിലെത്തുമെന്നാണ് സൂചന. ട്രാക്കിൽനിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. അതുകൊണ്ടു തന്നെ പ്രതി അന്യസംസ്ഥാനക്കാരൻ ആണെന്ന നിഗമനത്തിലാണ് പോലീസ്.

ഇംഗ്ലിഷിൽ ‘എസ്’ എന്ന രീതിയിൽ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്. പല തീയതികളും റെയിൽവേ സ്റ്റേഷനുകളുടെ പേരുമുണ്ട്. ബാഗിൽനിന്ന് മൊബൈൽ ഫോൺ, കണ്ണട, പഴ്സ്, ബ്രൗൺ നിറമുള്ള ടീഷർട്ട്, ഒരു ട്രാക്ക് പാന്റ്, ഓവർകോട്ട്, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ഒരു കുപ്പി പെട്രോൾ, ഒരു സ്റ്റിക്കി നോട്ട്, കുറച്ച് ആണികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.

Related Articles

Latest Articles