Saturday, April 27, 2024
spot_img

ഇസ്രായേൽ-ഹമാസ് യുദ്ധം; ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു; യുദ്ധം മൂന്നാം നാളിലേക്ക്!

ടെൽ അവീവ്: ഹമാസും ഇസ്രായേലും തമ്മിലുള്ള യു​ദ്ധം മൂന്നാം ദിവസവും തുടരുന്നു. പാലസ്തീനിലും ഇസ്രായേലിലുമായി മരണം 1200 കഴിഞ്ഞു. ഇസ്രായേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450-ഓളം പേരാണ് കൊല്ലപ്പെട്ടത്.

ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രായേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രായേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രായേലോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും.

അതിനിടെ, ഇസ്രായേലിൽ മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരിക്കേറ്റു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തുവച്ച് പരിക്കേറ്റത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈൽ പതിച്ചത്. അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. നിലവിൽ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്.

Related Articles

Latest Articles