Friday, May 10, 2024
spot_img

ഇസ്രയേലിന്റെ വജ്രായുധം ഹമാസ് മറികടന്നത് എങ്ങനെ…?

ഹമാസ് ഭീകരർ ഇസ്രായേലിൽ കയറി അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ ഞെട്ടലിലാണ് ലോകമിന്ന്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍ നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. അതേസമയം, ഹമാസ് ഇസ്രയേലിനെതിരെ പ്രതീക്ഷിക്കാതെ അക്രമം നടത്തിയത് ഇസ്രായേൽ പ്രതിരോധത്തിന്റെ നട്ടെല്ലായ അയൺ ഡോം തകർത്തായിരുന്നു. കാലങ്ങളായി ഇതിനായി ഇസ്രായേൽ കാത്തിരിക്കുകയായിരുന്നു. കാരണം, അയൺ ഡോമിന്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിനെ തകർക്കുക എന്നത് വളരെ ബുദ്ധിമിട്ടേറിയ കാര്യമാണ്. അവിടെ വലിയ ഒരു കുതന്ത്രത്തിലൂടെയാണ് ഹമാസ് വിജയിച്ചത്. സാൽവോ റോക്കറ്റ് ആക്രമണത്തിലൂടെയാണ് ഹമാസിന് ഈ സംവിധാനത്തെ ദുർബലമാക്കാൻ സാധിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നിലധികം റോക്കറ്റുകൾ ഒരുമിച്ച് വിക്ഷേപിക്കുന്ന രീതിയാണിത്. ആദ്യ 20 മിനിട്ടിനുള്ളിൽ 5000 റോക്കറ്റുകളായിരുന്നു ഹമാസ് ഇസ്രായേലിനുനേരെ വിക്ഷേപിച്ചത്. ഇത്തരത്തിൽ റോക്കറ്റ് വിക്ഷേപിച്ചതിലൂടെ അയൺ ഡോം സംവിധാനത്തിന് എല്ലാ ടാർജറ്റുകളെയും ഒന്നിച്ച് തടയാൻ സാധിക്കാതെ വന്നു.

ഇസ്രായേലിന്റെ തമിർ മിസൈലുകളേക്കാൾ കുറഞ്ഞ ചെലവിൽ നിർമിച്ചവയായിരുന്നു ഹമാസിന്റെ റോക്കറ്റുകൾ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോം സിസ്റ്റം ഭേദിച്ചുകൊണ്ടാണ് ഹമാസിന്റെ റോക്കറ്റുകൾ ഇസ്രായേലിൽ വർഷിച്ചത്. പിന്നാലെ ഉണർന്ന സംവിധാനം ആകാശത്തുവച്ചുതന്നെ ഹമാസിന്റെ റോക്കറ്റുകൾ തകർത്തു. ഭൂമിയും ആകാശവും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് ഇസ്രയേലിന്റെ അയൺ ഡോം സിസ്റ്റം. 2006ൽ ലെബനനുമായുള്ള ഏറ്റുമുട്ടലിൽ അനേകം ഇസ്രായേലുകാർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണമാണ് സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം നിർമിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. 2011 മുതലാണ് അയൺ ഡോം സംവിധാനം ഇസ്രായേലിനെ സംരക്ഷിച്ചുതുടങ്ങിയത്. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാറുകൾ, പീരങ്കി ഷെല്ലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യു എ വി) എന്നിവയെ നേരിടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അയൺ ഡോം വിന്യസിച്ചിട്ടുണ്ട്. 70 കിലോമീറ്റർ വരെ ചുറ്റളവിലാണ് ഈ സംവിധാനം സുരക്ഷയൊരുക്കുന്നത്.

ഒരു യൂണിറ്റായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് മൂന്ന് ഘടകങ്ങളാണുള്ളത്. ശത്രുക്കൾ വിന്യസിക്കുന്ന വ്യോമ ആയുധങ്ങളെ കണ്ടെത്താനുള്ള റഡാർ, ആയുധങ്ങളെയും യുദ്ധത്തെയും നിയന്ത്രിക്കാനുള്ള സംവിധാനം, 20 തമിർ മിസൈലുകൾ ഉൾപ്പെടുന്ന മിസൈൽ ലോഞ്ചർ എന്നിവയാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക. ഇസ്രായേലിനുനേരെ ഒരു റോക്കറ്റ് വർഷിക്കുമ്പോൾ റഡാർ ഇത് കണ്ടെത്തുകയും ആയുധ നിയന്ത്രണ സംവിധാനത്തിന് വിവരം കൈമാറുകയും ചെയ്യും. തുടർന്ന് ഈ യൂണിറ്റ് റോക്കറ്റിന്റെ വേഗത, ടാർജക്‌ട്, സ‌ഞ്ചാരപാത എന്നിവ കണക്കുക്കൂട്ടി മനസിലാക്കും. റോക്കറ്റ് ജനവാസകേന്ദ്രങ്ങളിലേക്കാണ് എത്തുന്നതെങ്കിൽ ലോഞ്ചർ യാന്ത്രികമായി താമിർ മിസൈലിനെ തൊടുത്തുവിടുകയും റോക്കറ്റ് വായുവിൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഒരൊറ്റ ബാറ്ററിയിൽ തന്നെ മൂന്നോ നാലോ ലോഞ്ചറുകളാണ് ഉള്ളത്. ഇസ്രായേലിന് ഇത്തരത്തിൽ പത്ത് ബാറ്ററികളുണ്ട്. അയൺ ഡോം സംവിധാനത്തിന്റെ നിർമാതാക്കളായ റഫേൽ അഡ്വാൻസ്‌ഡ് ഡിഫൻസ് സിസ്റ്റം 90 ശതമാനം വിജയ നിരക്കാണ് അവകാശപ്പെടുന്നത്. അനേകം ജീവനുകളെ രക്ഷിക്കാൻ ഇസ്രായേലിന്റെ അയൺ ഡോം സംവിധാനത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്. 2012ൽ ഗാസയിൽ നിന്ന് വിക്ഷേപിച്ച 400 റോക്കറ്റുകളിൽ 85 ശതമാനവും അയൺ ഡോം സംവിധാനം തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. 2014ലെ ഏറ്റുമുട്ടലിലും ഹമാസ് തൊടുത്തുവിട്ട 4500 റോക്കറ്റുകളിൽ 800 എണ്ണത്തെ തടയുകയും 735 എണ്ണത്തെ തകർക്കുകയും ചെയ്തു. 2021ലെ ഇസ്രായേൽ- പലസ്തീൻ ഏറ്റുമുട്ടലിലും അയൺ ഡോം സംവിധാനം 90 ശതമാനം വിജയനിരക്ക് നൽകിയതായി ഇസ്രായേൽ അധികൃതർ പറയുന്നു.

2021ൽ അയൺ ഡോം സംവിധാനത്തെ പുതിയ സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി നവീകരിച്ചതായും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ ‘അൽ അഖ്‌സ ഫ്ളഡ് എന്ന പേരിൽ ഹമാസ് നടത്തുന്ന ആക്രമണം തുടങ്ങിയത് ഇസ്രായേലിനുനേരെ 20 മിനിട്ടിൽ 5000 റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ടായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേൽ പൗരൻമാരും സൈന്യവും വിറങ്ങലിച്ചു. പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചെങ്കിലും അപ്പോഴേക്കും നൂറിലധികം ഇസ്രായേൽ പൗരൻമാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇസ്രയേലിന്റെ എല്ലാ പ്രതിരോധവും മറികടന്നാണ് ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് ഇരച്ചെത്തിയത്. ബുൾഡോസറുകൾ ഉൾപ്പെടെ ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ട് സുരക്ഷാ വേലികൾ തകർത്താണ് ഭീകരർ ഇസ്രയേലിലേക്ക് ഇരച്ചെത്തിയത്. എസ് യു വികളിലും ബൈക്കുകളിലുമായി തോക്കുധാരികൾ രാജ്യത്തേയ്ക്ക് കടന്നു. പാരഗ്ളൈ‌റുകളിലൂടെ പറന്നിറങ്ങി. പിന്നാലെ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചിട്ടും കുത്തിമലർത്തിയും ആഘോഷിക്കുകയായിരുന്നു ഹമാസ് ഭീകരർ.

Related Articles

Latest Articles