ടെൽഅവീവ്: ഹമാസ് ബന്ദികളാക്കിയ 40 പേരെ മോചിപ്പിച്ചാൽ ഒരാഴ്ച വെടിനിർത്താൻ തയ്യാറാണെന്ന് ഇസ്രായേൽ. ബന്ദിമോചനത്തിന് വഴിയൊരുക്കാൻ വാഴ്സോയിൽ ഖത്തറുമായി നടന്ന ചർച്ചയിലാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചതെന്ന് ഇസ്രായേൽ ദിനപത്രമായ ജറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നവംബറിൽ വെടിനർത്തൽ അവസാനിച്ച് യുദ്ധം പുനരാരംഭിച്ച ശേഷം ഇസ്രായേൽ മുന്നോട്ടുവെക്കുന്ന ആദ്യ വെടിനിർത്തൽ നിർദേശമാണിത്. എന്നാൽ, ബന്ദിമോചനമടക്കമുള്ള കാര്യങ്ങളിൽ ചർച്ച തുടങ്ങണമെങ്കിൽ യുദ്ധം അവസാനിപ്പിക്കണമെന്നതാണ് ഹമാസിൻ്റെ വ്യവസ്ഥയെന്ന് ഖത്തർ പ്രധാനമന്ത്രി സി.ഐ.എ, മൊസാദ് തലവൻമാരെ അറിയിച്ചു.
യുദ്ധം നിർത്തണമെങ്കിൽ ഹമാസ് ആയുധം താഴെ വെക്കണമെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ കൈമാറണമെന്നും മൊസാദ് തലവൻ പ്രതികരിച്ചു.മൊസാദ് തലവൻ ഡേവിഡ് ബാർണിയ, സി.ഐ.എ തലവൻ ബിൽ ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ എന്നിവരാണ് ചർച്ചയിൽ സംബന്ധിച്ചത്.
സ്ത്രീകളും 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരും മാരകരോഗങ്ങളോ ഗുരുതര പരിക്കുകളോ ബാധിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ളവരുമായ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഇസ്രായേലി പൗരന്മാരും വിദേശികളും അടക്കം 130 ഓളം പേർ ഇപ്പോഴും ഗസ്സയിൽ ഹമാസിൻ്റെ തടവിലാണ്. ബന്ദികളിൽ എട്ട് അമേരിക്കക്കാരും ഉണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി അറിയിച്ചിരുന്നു.
നേരത്തെ 80 ബന്ദികളെ വിട്ടയച്ചതിന് പകരമായാണ് ഒരാഴ്ച വെടിനിർത്തിയത്. എന്നാൽ, ഇത്തവണ 40 പേർക്ക് പകരം ഒരാഴ്ച വെടിനിർത്താമെന്നും കൂടുതൽ പാലസ്തീനികളെ വിട്ടയക്കാമെന്നും ഇസ്രായേൽ പറയുന്നു. ഗുരുതര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനും തങ്ങൾ സന്നദ്ധരാണെന്ന് ഇസ്രായേൽ അറിയിച്ചതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു.

