Tuesday, May 21, 2024
spot_img

തനിക്ക് ധ്യാനിക്കാൻ പോകണമെന്ന് കെജരിവാൾ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല

ദില്ലി: എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പിന് പങ്കെടുക്കേണ്ടതുണ്ടെന്നാണ് കേജരിവാൾ അറിയിച്ചു. കേസില്‍ ഇ.ഡി രണ്ടാമത്തെ സമന്‍സ് അയച്ചതിനെതുടർന്നാണ് കേജരിവാളിൻ്റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഡിസംബര്‍ 21 ന് ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, ധ്യാനം മുൻകൂട്ടി നിശ്ചയിച്ചതാണെന്നും ഡിസംബര്‍ 30 വരെ തുടരുമെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.

കഴിഞ്ഞ നവംബര്‍ 2 ന് ഹാജരാകാന്‍ കെജരിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്നും അദ്ദേഹം ഹാജരായിരുന്നില്ല. തന്നെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്താൽ പാർട്ടിയും ഡൽഹി സർക്കാരും ജയിലിൽ നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജരിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു.

സര്‍ക്കാര്‍ ചില മദ്യവ്യാപാരികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.ഇതേ കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles