Thursday, May 16, 2024
spot_img

വടക്കൻ ഗാസയിൽ ഇരച്ചു കയറി ഇസ്രായേലി ടാങ്കുകൾ ! ഹമാസ് കേന്ദ്രങ്ങൾ തകർത്ത് സുരക്ഷിതമായി സൈനികർ ഇസ്രയേലിൽ മടങ്ങിയെത്തി; സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തിൽ എത്താതെ പിരിഞ്ഞു! അമേരിക്കൻ പ്രമേയത്ത വീറ്റോ ചെയ്ത് റഷ്യയും ചൈനയും

ടെൽ അവീവ്: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തിന് പിന്നാലെ വടക്കൻ ഗാസയിൽ കരമാർഗവും ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ രാത്രിയിൽ നിരവധി ഇസ്രയേലി യുദ്ധ ടാങ്കുകൾ വടക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സൈനിക നടപടിയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ബുൾഡോസർ ഉപയോഗിച്ച് ഉയർന്നു നിൽക്കുന്ന കുന്നുകൾ നിരപ്പാക്കുന്നതും മണൽ നിറഞ്ഞ അതിർത്തി മേഖലയിലൂടെ നീങ്ങുന്ന ടാങ്കുകൾ വെടിയുതിർക്കുന്നതും സ്‌ഫോടനങ്ങളിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നതുമാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.

ഹമാസിന്റെ ടാങ്ക്വേധ മിസൈൽ ലോഞ്ച്പാഡുകളടക്കം സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ പ്രതിരോധസേനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ ഗാസയിൽ തുടരുന്നവർ എത്രയും പെട്ടെന്ന് തെക്കൻ ഗാസയിലേക്ക് നീങ്ങണമെന്നും വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നും ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു.

സൈന്യം കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചിരുന്നു. ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂർണമായും തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

“നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഇസ്രയേൽ. യുദ്ധകാല മന്ത്രിസഭ മുഴുവൻ സമയവും പ്രവർത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിർത്തി കരയുദ്ധത്തിന്റെ വിവരങ്ങൾ പുറത്ത് വിടുന്നില്ല. രാജ്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഹമാസിനെതിരായ യുദ്ധം. രണ്ട് ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. ഹമാസിന്റെ സൈനികശക്തിയടക്കം തകർക്കുക എന്നതും ഗസ്സയിൽ ബന്ദികളാക്കിയവരെ തിരികെയെത്തിക്കുക എന്നതും. എപ്പോൾ കരയുദ്ധം നടത്തണമെന്നതിൽ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കും. യുദ്ധനീക്കം എപ്പോൾ തുടങ്ങുമെന്നോ, എങ്ങനെയാകുമെന്നോ, എത്രകാലം നീണ്ടുനിൽക്കുമെന്നോ വെളിപ്പെടുത്താനാവില്ല. സൈനികരുടെ ജീവൻ സംരക്ഷിക്കേണ്ടതുണ്ട് എന്നതിനാലാണത്. ഹമാസിലെ ഓരോരുത്തരും മരിച്ചവരാണ്. അവർ ഭൂമിക്കടിയിലും മുകളിലും ഉണ്ടാകാം. ഗാസയ്ക്ക് പുറത്തോ ഉള്ളിലോ ആകാം. വിജയം നേടുന്നതിനായി ഇസ്രയേൽ 24 മണിക്കൂറും കഠിനമായി പ്രയത്നിക്കുകയാണ്. രാഷ്ട്രീയ പരിഗണനകളെല്ലാം മാറ്റിവച്ചുകൊണ്ടാണിത്. രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണിത്. ആയിരക്കണക്കിന് തീവ്രവാദികളെ വധിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. അടിയന്തര മന്ത്രിസഭയും സൈന്യവും സംയുക്തമായാണ് കരയുദ്ധത്തിന്റെ സമയം നിശ്ചയിച്ചത് അവർ നടത്തിയ കൊലപാതകങ്ങൾക്കും ക്രൂരകൃത്യങ്ങൾ ആസൂത്രണം ചെയ്തവർക്കും കനത്ത വില നൽകേണ്ടിവരും ” – നെതന്യാഹു പറഞ്ഞു.

അതേസമയം അമേരിക്കയുടെ അഭ്യർത്ഥന പ്രകാരം കരയാക്രമണം വൈകിപ്പിക്കാൻ ഇസ്രയേൽ സമ്മതിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ ഇന്നലെ രാത്രി റിപ്പോർട്ട് ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാവിന്യാസത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുവരെ കരയധിനിവേശം വൈകിപ്പിക്കാനാണ് അമേരിക്ക ആവശ്യപ്പെട്ടത്.

സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തിൽ എത്താതെ പിരിഞ്ഞു. അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെയായിരുന്നു ഇത്. ലെബനൻ അതിർത്തിയിൽ ഇസ്രയേലിനു നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. ഹിസ്ബുള്ള അടക്കമുള്ള തീവ്രവാദി സംഘങ്ങളെ മുൻനിർത്തി ഇറാൻ പദ്ധതി തയ്യാറാക്കുന്നുവെന്നാണ് അമേരിക്ക കരുതുന്നത്. അതുകൊണ്ട് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്. ഇസ്രയേൽ വിനോദസഞ്ചാരകേന്ദ്രമായ ഈലാത്തിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles