Monday, November 2, 2026

‘സമരപ്പന്തലിൽ പോകുന്നതിനേക്കാൾ നല്ലത് വീട്ടിലിരുന്ന് പഠിക്കുന്നതാണ്’: സിജെപി പ്രതിഷേധത്തെ തള്ളി നീറ്റ് പരീക്ഷയിലെ ടോപ്പർ പൻഷുൽ ബൻസാൽ

ദില്ലി നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധങ്ങളും രാഷ്ട്രീയ വിവാദങ്ങളും കൊടുമ്പിരികൊള്ളവേ, സമരങ്ങളെ പൂർണ്ണമായി തള്ളി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി രംഗത്ത്. അനാവശ്യ പ്രക്ഷോഭങ്ങളിൽ പങ്കാളികളാകുന്നതിനേക്കാൾ നല്ലത് വീട്ടിലിരുന്ന് പഠിച്ച് സ്കോർ മെച്ചപ്പെടുത്തുന്നതാണെന്ന് നീറ്റ് പുനഃപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പൻഷുൽ ബൻസാൽ വ്യക്തമാക്കി. സമരം ചെയ്യുന്നവർ അവരുടെ വഴിക്ക് പോകുമ്പോൾ താൻ വീട്ടിലിരുന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്തതെന്ന് ബൻസാൽ കൂട്ടിച്ചേർത്തു.

ദില്ലി ഗ്രേറ്റർ കൈലാഷിലെ കെ.ആർ. മംഗലം വേൾഡ് സ്കൂളിലെ വിദ്യാർത്ഥിയായ ബൻസാൽ പുനഃപരീക്ഷയിൽ 715 മാർക്ക് (99 ശതമാനം) നേടിയാണ് തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ആദ്യ പരീക്ഷയിലെ ചോർച്ചയും തുടർന്നുണ്ടായ സംഭവവികാസങ്ങളും നിരാശപ്പെടുത്തിയെങ്കിലും, അത് മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാമത്തെ അവസരമായി കാണുകയാണ് ചെയ്തതെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ബൻസാൽ പറഞ്ഞു. ആദ്യ പരീക്ഷയിൽ 706 മാർക്ക് ലഭിച്ച താൻ കഴിഞ്ഞ ഒന്നര മാസമായി നന്നായി പഠിച്ച് പുനഃപരീക്ഷയിൽ സ്കോർ 715 ആയി ഉയർത്തുകയായിരുന്നു. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി പ്രധാന ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കൊടുത്തതാണ് തന്റെ വിജയരഹസ്യമെന്നും പൻഷുൽ കൂട്ടിച്ചേർത്തു.

ജന്തർ മന്ദിറിൽ വിദ്യാർത്ഥികളുടെയും പ്രമുഖ പ്രതിപക്ഷ നേതാക്കളുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങൾ നടക്കുകയും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ രണ്ടാം റാങ്കുകാരന്റെ പ്രതികരണം. ആയിരക്കണക്കിന് ആളുകൾ സമരവേദിയിൽ തടിച്ചുകൂടി പ്രതിഷേധം കടുപ്പിക്കുമ്പോൾ, പ്രക്ഷോഭങ്ങളേക്കാൾ പ്രധാനം വ്യക്തിഗത പരിശ്രമവും നിശ്ചയദാർഢ്യവുമാണെന്ന് പൻഷുൽ ബൻസാലിന്റെ വിജയം തെളിയിക്കുന്നു.

Related Articles

Latest Articles