അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ടൗണിൽ തിരക്കേറിയ മാർക്കറ്റിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഉച്ചയ്ക്ക് 12.30-ഓടെ ലാൽ ചൗക്കിന് സമീപം അമർനാഥ് യാത്രാ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 35 വയസ്സുകാരനായ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിയേറ്റ ആഷിഖ് ഹുസൈനെ ഉടൻ തന്നെ അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അസൊൾട്ട് റൈഫിളുമായി എത്തിയ ഭീകരൻ പോലീസുകാർക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമിയുടെ വെടിവെപ്പിൽ സമീപത്തെ കടയ്ക്കും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം കശ്മീർ താഴ്‌വരയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ പ്രധാന ഭീകരാക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) സോഷ്യൽ മീഡിയ സന്ദേശത്തിലൂടെ ഏറ്റെടുത്തു.
സംഭവത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശം പൂർണ്ണമായി വളയുകയും ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി അമർനാഥ് യാത്ര നിർത്തിവെച്ചിരിക്കുകയാണെങ്കിലും, അനന്ത്നാഗ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷാ വലയമാണ് സൈന്യവും പോലീസും തീർത്തിരിക്കുന്നത്.

