Tuesday, May 21, 2024
spot_img

മാഞ്ചെസ്റ്റർ യുണൈറ്റഡിന് ശുക്രദശ;ഷെയ്ഖ് ജാസിം ക്ലബ്ബിനെ സ്വന്തമാക്കിയേക്കുമെന്ന് റിപ്പോർട്ട്

മാഞ്ചെസ്റ്റര്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തര്‍ ശതകോടീശ്വരനും ബാങ്കറുമായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ജിം റാറ്റ്ക്ലിഫിനേക്കാള്‍ മികച്ച ഓഫറാണ് ജാസിം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഇനിയോസ് കെമിക്കല്‍ കമ്പനിയുടെ ഉടമസ്ഥനായ റാറ്റ്ക്ലിഫാണ് കഴിഞ്ഞ മാസം നടന്ന മൂന്നാംവട്ട ലേലത്തില്‍ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നത്. എന്നാല്‍ അതിലും മികച്ച ഓഫറാണ് ജാസിം നല്‍കിയത്. ടീമിന്റെ ഷെയറുകൾ മുഴുവനായും തനിക്ക് വേണമെന്ന് നേരത്തേതന്നെ ജാസിം വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ടീമിന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുമെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

2005 മുതൽ ഗ്ലേസിയര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ ഗ്ലേസിയര്‍ കുടുംബം ക്ലബ്ബിലേക്ക് മികച്ച താരങ്ങളെ കൊണ്ടുവരുന്നതിലും പണം ഇറക്കുന്നതിലും പിശുക്കു കാണിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയശേഷം ടീമിന് ഇതുവരെ ഒരു പ്രീമിയര്‍ ലീഗ് കിരീടം പോലും നേടിയെടുക്കാനായിട്ടില്ല.

പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലീഷ് ലീഗ് കപ്പ് (കാറബാവോ കപ്പ്) യുണൈറ്റഡിന് നേടിക്കൊടുത്തപ്പോൾ ആറ് വർഷത്തെ ട്രോഫി വരൾച്ചയാണ് ടെന്‍ ഹാഗ് തീർത്തത്. .ഷെയ്ഖ് ജാസിം ഉടമസ്ഥനായാല്‍ നെയ്മറെപ്പോലെയുള്ള ലോകോത്തര താരങ്ങള്‍ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles