Friday, May 17, 2024
spot_img

സാഫ് കപ്പ് ഫുട്‌ബോൾ;ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ; ഇന്ത്യ – പാക് പോരാട്ടം ജൂൺ 21 ന്

ബെംഗളൂരു: അടുത്ത മാസം ബെംഗളൂരുവിൽ ആരംഭിക്കുന്ന സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍. ഇരുടീമുകളും ഗ്രൂപ്പ് എയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ജൂണ്‍ 21 മുതല്‍ ജൂലായ് നാല് വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് എ യില്‍ കുവൈത്ത്‌, നേപ്പാള്‍ എന്നീ ടീമുകളുമുണ്ട്. ഗ്രൂപ്പ് ബിയില്‍ ലെബനന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ ടീമുകള്‍ മത്സരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ആകെ എട്ട് ടീമുകളാണ് ടൂര്‍ണമെന്റിൽ മാറ്റുരയ്ക്കുന്നത്.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങളല്ലാത്ത ലെബനനും കുവൈത്തും ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കന്ന ടീമുകളിൽ മികച്ച റാങ്കിലുള്ള ടീം ലെബനനാണ്. ടീം 99-ാം സ്ഥാനത്താണ്. ഇന്ത്യ 101-ാം റാങ്കിലാണ്. പാകിസ്ഥാനാണ് ടൂര്‍ണമെന്റില്‍ റാങ്കിങ്ങില്‍ ഏറ്റവും പുറകിലുള്ള രാജ്യം. 195-ാം സ്ഥാനത്താണ് പാകിസ്ഥാൻ.

ഇന്ത്യ-പാക് മത്സരം ജൂണ്‍ 21 ന് നടക്കും. ഉദ്ഘാടന മത്സരത്തില്‍ കുവൈത്ത്‌ നേപ്പാളിനെ നേരിടും. ഇന്ത്യ എട്ടുതവണ സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയിട്ടുണ്ട്.

Related Articles

Latest Articles