Monday, May 27, 2024
spot_img

കർണാടകയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാതെ കോൺഗ്രസിന്റെ നാല് ദിന രാത്രങ്ങൾ;ഡി കെ ശിവകുമാർ നിരസിച്ച നേതൃത്വത്തിന്റെ ഓഫറുകൾ എന്തെല്ലാം ?

ബെംഗളൂരു : കർണാടകയിൽ തെരെഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിന രാത്രങ്ങൾ കടന്ന് പോയിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കുഴങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രിക്കസേരയ്ക്കായി പരസ്‌പരം പോരടിക്കുന്നതാണ് ഹൈക്കമാൻഡിന് തലവേദനസൃഷ്ടിക്കുന്നത്. ഖാർഗെ, സോണിയ, രാഹുൽ എന്നിവര്‍ അടക്കമുള്ള നേതാക്കൾ അനുനയശ്രമങ്ങളുമായി ഇരുവരുമായും സംസാരിച്ചുവെങ്കിലും സമവായത്തിൽ ഏർപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ

ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന ഡി.കെ ശിവകുമാറിന് മുന്നിൽ വൻ ഓഫറുകളും നേതൃത്വം മുന്നോട്ട് വെച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഉപമുഖ്യമന്ത്രി സ്ഥാനം, ആറ് പ്രധാന വകുപ്പുകൾ അടക്കം വൻ വാഗ്ദാനമാണ് ദേശീയ നേതൃത്വം ഡി.കെ ശിവകുമാറിന് മുന്നിൽ നിരത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിനിടെ ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും എന്നുള്ള സൂചനകളും പുറത്തുവന്നു . എന്നാൽ ഈ വ്യവസ്ഥകൾ ഡി.കെ. തള്ളിക്കളഞ്ഞു എന്നാണ് അറിയാൻ സാധിച്ചത്. ഒരു ഉപമുഖ്യമന്ത്രി ആണെങ്കിൽ മാത്രമേ വ്യവസ്ഥ സ്വീകാര്യമാകൂ എന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ആഭ്യന്തരം വേണമെന്നും രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറും എന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയും വേണമെന്ന് ഡി.കെ. ആവശ്യപ്പെട്ടതായും റിപ്പോർട്ട് പുറത്ത് വന്നു. എന്നാൽ പുറത്തുകേൾക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്നും ഇതുവരെ കേട്ടതൊന്നും സത്യമല്ലെന്നും പിന്നീട് ഡി.കെ പ്രതികരിച്ചിരുന്നു.

Related Articles

Latest Articles