Sunday, May 19, 2024
spot_img

വകുപ്പുതല നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയം: വിശദീകരണവുമായി ആരോഗ്യവകുപ്പ്

ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി പൊതുജനങ്ങൾക്ക് അതിവേഗ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണു ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വകുപ്പുതല യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ്. എന്നാൽ ഇതുമായി ബന്ധപ്പെട്ടു വകുപ്പുതലത്തിൽ നൽകുന്ന നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മോശമാണെന്ന വാർത്തകൾ എത്തിയതോടെയാണ് ഈ വിശദീകരണം.

വരുന്ന ഓഗസ്റ്റോടെ ആരോഗ്യവകുപ്പില്‍ പൂര്‍ണമായും ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ഡയറക്ടറേറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇ- ഓഫിസ്, സ്പാര്‍ക്കുവഴിയുള്ള ജീവനക്കാര്യം, പഞ്ചിങ്, ഓൺലൈൻ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സീനിയോരിറ്റി പട്ടിക തയാറാക്കൽ, അവധി ക്രമപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മാത്രമല്ല ജീവനക്കാരുടെ പരാതികള്‍, അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ തുടങ്ങിയവ ലഘൂകരിക്കുന്നതിനുള്ള വകുപ്പുതല നിര്‍ദേശങ്ങളും ഇതിന്റെ ഭാഗമായി നല്‍കുന്നുണ്ട്. ജീവനക്കാരുടെ പ്രവർത്തനവീര്യം കെടുത്തുന്ന യാതൊരു നിർദേശങ്ങളും ഇതിന്റെ ഭാഗമായി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഭിപ്രായവും ചോദിക്കേണ്ടതായിരുന്നു. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രശംസകള്‍ നിരന്തരം ലഭിക്കുന്ന ആരോഗ്യവകുപ്പ് നിപാ, കോവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടിയും ആര്‍ദ്രം പദ്ധതിയിലൂടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം കുട്ടികളുടെ വാക്‌സിനേഷന്‍ പാളിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് 12 മുതൽ14 വരെ പ്രായമുള്ള 57,025 പേർക്ക് ഇതുവരെ കൊവിഡ് വാക്‌സിൻ നൽകിയതായി അറിയിച്ച മന്ത്രി, മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടി. മൂന്നാഴ്ച മുമ്പാണ് ഈ പ്രായക്കാർക്ക് വാക്‌സിനേഷൻ ആരംഭിച്ചത്. പരീക്ഷാ സമയമായതിനാലാണ് വേഗത്തിൽ പുരോഗമിക്കാത്തത്. പരീക്ഷകൾ കഴിഞ്ഞശേഷം വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് കുട്ടികൾക്കായി പ്രത്യേക വാക്‌സിനേഷൻ യജ്ഞം നടത്തുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Related Articles

Latest Articles