Monday, May 20, 2024
spot_img

കോവിഡ് ലോകത്തെ വരിഞ്ഞു മുറുക്കിയിട്ട് മൂന്ന് വർഷങ്ങൾ; ഇന്നും കൃത്യമായ ഉറവിടമറിയാതെ ലോകം; അത് ഒരിക്കലും പുറത്തുവരാനിടയില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ

കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞുവെങ്കിലും ഇതിന്റെ കൃത്യമായ പ്രഭവകേന്ദ്രം എവിടെയാണെന്ന് കണ്ടെത്താൻ ഇന്നും ലോകത്തിനായിട്ടില്ല. എന്നാൽ അതൊരിക്കലും പുറത്തുവരാനും പോകുന്നില്ല എന്നാണ് ചൈനീസ് ശാസ്ത്രജ്ഞൻ ഡോ. ജോർജ് ഫു ഗാവോ വെളിപ്പെടുത്തി.

കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചർച്ചകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും എന്നാലതിന്ന് രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും ജോർജ് ഫു ഗാവോ അഭിപ്രായപ്പെട്ടു.

763 ദശലക്ഷം പേരെ ബാധിച്ച, 6.9 ദശലക്ഷം പേർക്ക് ജീവൻ നഷ്ടമാകുന്നതിനിടയാക്കിയ കോവിഡിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാൻ സാധ്യതയില്ലെന്നാണ് ചൈനയുടെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുൻ ഡയറക്ടറായ ഡോ. ജോർജ് ഫു ഗാവോ വ്യക്തമാക്കിയത്. ലണ്ടനിൽ നടന്ന റോഡ്സ് പോളിസി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ

വുഹാൻ മാംസ മാർക്കറ്റിലെ മരപ്പട്ടികളുടെ മാംസത്തിൽ നിന്നാവാം വൈറസ് പടർന്നതെന്ന പഠനത്തെ അദ്ദേഹം തള്ളി. വുഹാനിലെ മാർക്കറ്റിൽ നിന്ന് ശേഖരിച്ച മാംസ സാമ്പിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും സാർസ് കോവ് 2 വൈറസ് ജന്തുക്കളിൾ നിന്നാണ് ഉത്ഭവിച്ചതെന്നതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ഫു ഗാവോ ആയിരുന്നു ചൈനയുടെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഡയറക്ടർ. 2022ലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. 2019 ഡിസംബറിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ഒരു മാസം മുമ്പുവരെ അസ്വാഭാവികമായി ഒന്നും നിരീക്ഷിച്ചിട്ടില്ലെന്നും ഗാവോ പറഞ്ഞു.

അതിനിടെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് മൂന്ന് വർഷം കഴിഞ്ഞിട്ടും വുഹാനിൽ നിന്നുള്ള വൈറസ് സാമ്പിളുകൾ നൽകാത്തതിന് ഡബ്ള്യു എച്ച് ഒ ചൈനയെ ശക്തമായി വിമർശിച്ചു.

Related Articles

Latest Articles