ദില്ലി: ജെ എൻ യു എല്ലാത്തരം ആശയങ്ങളുടെയും പോരാട്ട ഭൂമിയാണെന്നും ഇടത് ആധിപത്യം മാത്രമല്ല വേണ്ടതെന്നും വൈസ് ചാൻസിലർ ശാന്തിശ്രീ പണ്ഡിറ്റ്. രാമ നവമി ആഘോഷങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ പ്രതികരിക്കുകയായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്. ‘ഇരു വിഭാഗം വിദ്യാർത്ഥികളുമായും ഞാൻ ചർച്ച നടത്തി. അക്രമത്തോടു യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു പറഞ്ഞു. വിദ്യാർത്ഥികൾ എല്ലാ ചടങ്ങുകളുടെയും ഭാഗമാകണം, കാരണം ഞാന്‍ നാനാത്വത്തിലാണു വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടണം, ആഘോഷിക്കപ്പെടണം– ജെഎന്‍യു വിസി പറഞ്ഞു. ഇവിടെ പല ആഖ്യാനങ്ങളുമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യം മാത്രമല്ല വേണ്ടത്. ഇന്ത്യയിൽ കാര്യങ്ങൾ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ട്.
എന്നോട് അഭിപ്രായ വ്യത്യാസമുള്ള ചിലരുണ്ട്. പക്ഷേ ഇടതുപക്ഷത്തിനു മാത്രമല്ല, മറ്റെല്ലാവർക്കും അവിടെ ഇടമുണ്ടെന്ന് എനിക്ക് ഉറപ്പു നല്‍കാനാകും. ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് ജെഎൻയു. മാറ്റത്തിനനുസരിച്ചു മുന്നോട്ടു പോകേണ്ടതു ഞങ്ങളുടെ ആവശ്യമാണ്. ജെഎന്‍യു ആശയങ്ങളുടെ പോരാട്ട ഭൂമിയാണ്’ – വിസി വ്യക്തമാക്കി. ക്യാമ്പസ്സിലെ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷണം സസ്യാഹാരമാക്കിയത് ചോദ്യം ചെയ്ത് ഇടത് വിദ്യാർത്ഥി സംഘടനകൾ സംഘർഷം സൃഷ്ടിച്ചിരുന്നു.

