ലക്നൗ: തോക്ക് കൈവശം വെച്ച അധ്യാപികയെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലാണ് സംഭവം അരങ്ങേറിയത്. റോസാബാദിലെ സ്‌കൂള്‍ ടീച്ചറായ കരിഷ്മ സിങ് യാദവിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് തോക്ക് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് അധ്യാപികയുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചെടുത്തത്.
ചില ജോലികളുടെ ഭാഗമായി മെയ്ന്‍പുരിയില്‍ എത്തിയതാണ് കരിഷ്മ എന്നാണ് പോലീസ് പറയുന്നത്. കൈവശം തോക്കുമായി അധ്യാപിക യാത്ര ചെയ്യുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു . വനിതാപോലീസ് ഉദ്യോഗസ്ഥയാണ് പാന്റിന്റെ പോക്കറ്റിനുള്ളില്‍ നിന്ന് തോക്ക് പുറത്തെടുത്തത്. എന്തിനാണ് യുവതി തോക്ക് കൈവശം വച്ചത് എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ പറഞ്ഞു.

