ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനും സുരക്ഷാ ഭീഷണി. ജെയ്‌ഷെ മുഹമ്മദ് ഭീകരാരാണ് ഭീഷണിക്ക് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പ്രതികാരമായിട്ടാണ് പ്രധാനമന്ത്രിയെയും അജിത്ത് ഡോവലിനെയും ജയ്‌ഷെ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക ടീമിനെ ജയ്‌ഷെ സജ്ജമാക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
ജെയ്‌ഷെ നടത്താനാലോചിക്കുന്ന വലിയൊരു ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ ലഭിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെ.ഇ.എം ഭീകരന്‍ ഷംസര്‍വാനിയും ഇയാളുടെ നിര്‍ദ്ദേശകനും തമ്മിലുള്ള
ആശയവിനിമയം ഒരു കുറിപ്പിന്റെ രൂപത്തില്‍ ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതനുസരിച്ച് ജമ്മുകശ്മീര്‍, അമൃത്സര്‍, പത്താന്‍കോട്ട്, ജയ്പൂര്‍, ഗാന്ധിനഗര്‍, കാണ്‍പൂര്‍, ലഖനൗ എന്നിവയുള്‍പ്പെടെ 30 നഗരങ്ങളിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഭീകരസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ ഡോവലിന്റെ സുരക്ഷാ വിശദാംശങ്ങള്‍ അവലോകനം ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഡോവലിന്റെ പങ്ക് വളരെ വലുതായതിനാല്‍ അദ്ദേഹം വലിയ ഭീഷണിയാണ് നേരിടുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് , ബാലകോട്ടിലെ വ്യോമാക്രമണം തുടങ്ങിയവയില്‍ ഡോവലിനുള്ള പങ്കാണ് ഭീഷണിക്ക് കാരണം.
ഇന്ത്യന്‍ സുരക്ഷാ സേന ജമ്മുകശ്മീരിലെ ജെയ്ഷയുടെ പ്രധാന പ്രവര്‍ത്തകരെ വധിച്ചതിനും ബാലാക്കോട്ടില്‍ ഉണ്ടായ നഷ്ടത്തിനും ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് ജെയ്‌ഷെ ഭീകരര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ സഹായത്തോടെ ഒരു വലിയ സംഘം ചാവേറുകളെ ഇന്ത്യയിലേയ്ക്ക് കടത്തിവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സി ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.

