Friday, April 19, 2024
spot_img

ഉത്തർപ്രദേശിൽ പിടിയിലായ ജെയ്‌ഷെ ഭീകരൻ പാകിസ്ഥാനികളുമായി ബന്ധപ്പെട്ടത് ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുളള സോഷ്യൽ മീഡിയയിലൂടെ; നിരവധി നഗരങ്ങളിൽ ആക്രമണത്തിന് ലക്ഷ്യമിട്ടു, വിദഗ്ധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് എത്താൻ നിർബന്ധിക്കുന്നുണ്ടായിരുന്നതായി റിപ്പോർട്ടുകൾ

ലക്‌നൗ: യുപിയിൽ കഴിഞ്ഞ ദിവസം പിടിയിലായ ജെയ്‌ഷെ മൊഹമ്മദ് ഭീകരൻ മൊഹമ്മദ് നദീം നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ്. വാട്‌സ്ആപ്പ്, ടെലഗ്രാം, ഐഎംഒ, ഫേസ്ബുക്ക്, മെസഞ്ചർ, ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുളള പ്ലാറ്റ്‌ഫോമുകളിലൂടെ ആയിരുന്നു ഇയാൾ പാകിസ്താനിലേക്ക് ബന്ധപ്പെട്ടിരിക്കുന്നത്.

വെർച്വൽ ഫോൺ നമ്പരുകൾ ഉണ്ടാക്കാനും നദീമിന് പരിശീലനം ലഭിച്ചിട്ടുളളതായി പോലീസ് പറഞ്ഞു. വെർച്വൽ ഐഡി പ്രത്യേകം ഉണ്ടാക്കിയായിരുന്നു ആശയവിനിമയങ്ങൾ. അതുകൊണ്ടു തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇത് പ്രത്യക്ഷമായിട്ടില്ല.

സർക്കാർ ഓഫീസുകൾക്ക് നേരെയും പോലീസിന് നേർക്കും ആക്രമണം നടത്താൻ ഇയാൾക്ക് പരിശീലനം നൽകിയിരുന്നു. വിദഗ്ധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് എത്താൻ നിർബന്ധിക്കുന്നുണ്ടായിരുന്നതായും നദീം പോലീസിനോട് വെളിപ്പെടുത്തി. പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 മുതൽ ഇയാൾ പാകിസ്താനിലെ ഭീകരരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

സഹാരൺപൂർ ജില്ലയിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം ഭീകരവിരുദ്ധസേന പിടികൂടിയത്. ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് ഇയാൾ പാകിസ്താനിലെ ഭീകരരുമായി ബന്ധപ്പെട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. 2018 ൽ പാകിസ്താനിലെ ജെയ്‌ഷെ ഭീകരനെ ബന്ധപ്പെട്ടതിലൂടെയാണ് തുടക്കം. ഹക്കീമുളള എന്ന ഇയാൾ മുഖാന്തിരം സെയ്ഫുളള എന്ന മറ്റൊരാളെയും പരിചയപ്പെട്ടു.

സെയ്ഫുളളയിൽ നിന്ന് സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന ഐഇഡികൾ ഉണ്ടാക്കാൻ പഠിച്ചു. ഇതിനായി പ്രത്യേക മാനുവൽ ഇയാൾക്ക് നൽകുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles