Sunday, January 11, 2026

ജെയ്ക്കിന്റെ രാഷ്ട്രീയ ഭാവി ഖദം ? കേന്ദ്ര അന്വേഷണ ഏജൻസികൾ ഇറങ്ങുമോ ?

ചാനൽ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കും വിധത്തിൽ വിവാദ പ്രസ്താവന നടത്തിയ സിപിഎം നേതാവ് ജെയ്ക് സി തോമസിനെിതിരെ നിയമ നടപടി. നരേന്ദ്ര മോദിയെ നരാധമനെന്ന പരാമർശം നടത്തിയ ജെയ്ക്കിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ബിജെപി നേതാവ് ആർ ബാലശങ്കർ. ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം, ക്രിമിനൽ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ബിജെപിയുടെ മുൻ ദേശീയ ബൗദ്ധിക വിഭാഗം കൺവീനറും, പാർട്ടിയുടെ ദേശീയ പ്രചാരണ-പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആർ ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്. അതേസമയം, ജെയ്ക് സി തോമസിന്റെ വിവാദ പരാമർശത്തിന് കടുത്ത വിമർശനമാണ് ഉയർന്നു വന്നത്. എന്നാൽ, പരാമർശം പിൻവലിക്കില്ലെന്ന നിലപാടായിരുന്നു ജെയ്ക്.സി തോമസ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് നിയമ നടപടിയിലേക്ക് ആർ, ബാലശങ്കർ കടക്കുന്നത്. എന്തായാലും, ജെയ്ക് സി തോമസിന്റെ രാഷ്ട്രീയ ഭാവിയിൽ വലിയ കരിനിഴൽ വീഴ്ത്തും ഇത് എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ജെയ്ക് സി തോമസിന്റെ സാമ്പത്തിക ഇടപാടുകൾ അതിനാൽ തന്നെ അന്വേഷണ വിധേയമാക്കുവാനുള്ള സാധ്യതയുണ്ട്. ജെയ്ക് സി തോമസിന് റിസോർട്ട് ഇടപാടുകളുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ജെയ്ക്കിന്റെ പേരിലുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെയാണ് ജെയ്ക് സി തോമസ് ഇത്ര സ്വത്ത് സമ്പാദിച്ചത് ? ഇതെല്ലാം ഇപ്പോൾ ആന്വേഷണ വിധേയമാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇന്ത്യയുടെ ഭരണഘടന പ്രകാരം ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച്, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രിയായ വ്യക്തിയെ, നരാധമൻ എന്ന് വിളിക്കുന്നത് രാജ്യത്തെ 140 കോടി ജനങ്ങളേയും, ലോക ജനതയുടെ മുമ്പിൽ ഇന്ത്യയെയും അപമാനിക്കലാണ്. നരാധമൻ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിക്ക് തെരെഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ കഴിയില്ല. ഭരണഘടനാ പ്രകാരം സ്ത്രീയെയും, പുരുഷനെയും, ഭിന്ന ലിംഗത്തിൽപ്പെടുന്നവരെയും തുല്യ മനുഷ്യരായിട്ടാണ് വിവക്ഷിക്കുന്നത്. നരാധമൻ എന്ന പരാമർശം ഇതിൽ ഒന്നും പെടാത്തതാണ്. അതുകൊണ്ടുതന്നെ, ഇത് ഭരണ ഘടനയോടുള്ള അവമതിപ്പായി മാത്രമേ കാണാൻ കഴിയുകയുള്ളു. കൂടാതെ, രാഷ്ട്രീയ സംസ്‌കാരമുള്ള ആരും പ്രതിയോഗികളോട് ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലാത്തതാണ്. അതേസമയം, ലോകമെമ്പാടും പ്രേക്ഷകരുള്ളതും ജനങ്ങൾ ഏറെ ശ്രദ്ധിക്കുന്നതുമായ ഒരു മുൻനിര ചാനലിൽ, മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള എസ്.എഫ്.ഐ യുടെ മുൻ സംസ്ഥാന പ്രസിഡന്റും, സിപിഎം നേതാവുമായ ജെയ്ക് സി. തോമസ് നടത്തിയ പരാമർശം, അത്യന്തം അപലപനീയമാണ്. നരേന്ദ്ര മോദിയുടെ അനുഭാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ അദ്ദേഹത്തിനെതിരെയുള്ള നീചമായ പരാമർശം, തനിക്ക് വ്യക്തിപരമായി വളരെ ദുഃഖം ഉണ്ടാക്കിയതായി ആർ ബാലശങ്കർ വ്യക്തമാക്കി.

അതേസമയം, നരേന്ദ്ര മോദിയെ ദുശ്ശകുനം എന്ന് വിളിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ജൈക്.സി തോമസും വിവാദ പരാമർശത്തിൽ കുടുങ്ങിയിരിക്കുന്നത്. കൂടാതെ, 2017 ഡിസംബറിലെ ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീച് ആദ്മി എന്ന് വിളിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മണിശങ്കർ അയ്യരെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, അത്തരത്തിലുള്ള ഒരു നടപടിയും സിപിഎം നേതാവായ ജെയ്ക് സി. തോമസിനെതിരെ ഇടതുപക്ഷ പാർട്ടിയിൽ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ്, ഇത്തരം ഒരു നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ബാലശങ്കർ പറയുന്നു. കഴിഞ്ഞ നവംബർ 19 നാണു പ്രമുഖ ചാനൽ ചർച്ചയ്ക്കിടെ ജെയ്ക്.സി തോമസ് വിവാദ പരാമർശം നടത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടെയാണ് സിപിഎം സംസ്ഥാന സമിതിയംഗം നരേന്ദ്ര മോദിയെ നരാധമൻ എന്ന് വിളിച്ചത്. നാക്കുപിഴയല്ലെന്ന് പറഞ്ഞ ജെയ്ക്ക് സി തോമസ് ചർച്ചയിൽ വീണ്ടും തെറ്റായ പദപ്രയോഗം ആവർത്തിക്കുകയും, വിവാദ പരാമർശം പിൻവലിക്കാൻ തയ്യാറായതുമില്ല. കഴിഞ്ഞ 24 മാസമായി നരേന്ദ്ര മോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നൽകാതിരിക്കുകയാണെന്നായിരുന്നു ജെയ്ക്കിന്റെ പരാമർശം. 1600 രൂപയുടെ വിധവ പെൻഷനിൽ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണെന്നും ഇതിൽ കേന്ദ്ര വിഹിതം കേരളത്തിന് നൽകാതായിട്ട് 24 മാസമായെന്നായിരുന്നു ജയ്കിന്റെ ആരോപണം. കേരളത്തിലെ വിധവകളാണെങ്കിൽ നിങ്ങൾക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് ആരോപിച്ചിരുന്നു. രാഷ്ട്രീയമായി കേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോഴും, ക്ഷേമ പെൻഷനുകൾ മറ്റ് പല കാരണങ്ങൾ കൊണ്ടും ഇതിന് മുമ്പും കേരളത്തിൽ മുടങ്ങിയിട്ടുണ്ടെന്നും, എന്നാൽ അപ്പഴൊക്കെ അതിന് കാരണക്കാരായിട്ടുള്ളവരെ സംസ്‌കാര ശൂന്യമായ ഭാഷയിൽ അപമാനിച്ചിരുന്നുവെങ്കിൽ എന്തായിരിക്കും സ്ഥിതി എന്നും ബാലശങ്കർ ചോദിക്കുന്നു.

Related Articles

Latest Articles