Friday, January 2, 2026

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂൾ അധ്യാപകൻ; വധശിക്ഷ വിധിച്ച് കോടതി

ജക്കാര്‍ത്ത: പ്രായപൂർത്തിയാകാത്ത പതിമൂന്ന് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ അധ്യാപന് വധശിക്ഷ വിധിച്ച്‌ കോടതി.ഇന്‍ഡൊനീഷ്യയിലെ ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് കോടതി വധ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ബന്‍ദുങ് ഹൈക്കോടതിയുടേതാണ് വിധി.

11 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികളാണ് അധ്യാപകന്റെ പീഡനത്തിന് ഇരയായിരിക്കുന്നത്. സ്‌കൂളില്‍വെച്ചും ഹോട്ടലുകളില്‍വെച്ചുമാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ പീഡിപ്പിച്ചത്. ഇതില്‍ ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകുകയും ചെയ്തിരുന്നു.

ജില്ലാ കോടതി പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവിനാണ് ആദ്യം ശിക്ഷിച്ചത്. എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വാദം കേള്‍ക്കുകയും പ്രിന്‍സിപ്പലിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. പ്രതിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതിയുടെ പീഡനത്തെത്തുടര്‍ന്ന് ഇരകള്‍ ജന്മം നല്‍കിയ ഒമ്പത് കുഞ്ഞുങ്ങളെ വനിതാശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. പിടിച്ചെടുക്കുന്ന പ്രതിയുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് ഇതില്‍നിന്നുള്ള പണം ഇരകള്‍ക്കും ഇവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്കും നൽകാനാണ് കോടതി നിർദ്ദേശം.

Related Articles

Latest Articles