Thursday, December 25, 2025

കശ്മീരില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പുല്‍വാമ സ്വദേശി; ജെയ്ഷെ മുഹമ്മദിന്‍റെ ചാവേര്‍ അക്രമം നടത്തിയത് ആറ് മാസത്തെ പരിശീലനത്തിനൊടുവില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെ സ്ഫോടക വസ്തു നിറച്ച കാർ ഓടിച്ച് കയറ്റിയത് പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധര്‍. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ ചാവേറാണ് അദിൽ അഹമ്മദ്. പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കുന്നതിനായി ആറ് മാസമായി ഇയാള്‍ പരിശീലനം നേടിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടത്തിന് ശേഷം പുറത്ത് വിടാനുള്ള വീഡിയോ തയ്യാറാക്കിയ ശേഷമാണ് അദില്‍ അഹമ്മദ് ധര്‍ ആക്രമണത്തിന് തയ്യാറെടുത്തത്. ജെയ്ഷെ മുഹമ്മദിന്‍റെ സംഘത്തിലുള്ള ആളാണെന്ന് തെളിയിക്കാന്‍ ജെയ്ഷയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ജെയ്ഷെയില്‍ ചേര്‍ന്നതെന്നും ഇപ്പോഴാണ് ജെയ്ഷയില്‍ ചേര്‍ന്നതിന് അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്നും ഇത് കശ്മീരിലെ ജനതയ്ക്കുള്ള അവസാന സന്ദേശമെന്നുമാണ് ഇയാളുടെ വീഡിയോ സന്ദേശം.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെയായിരുന്നു ഭീകരാക്രമണമുണ്ടായത്. 78 ബസുകളുണ്ടായിരുന്ന വാഹനവ്യൂഹത്തിലേക്ക് ഭീകരന്‍ 350 കിലോയിലധികം സ്ഫോടകവസ്തു നിറച്ച സ്കോര്‍പിയോ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ 44 ജവാൻമാരാണ് വീരമൃത്യുവരിച്ചത്.

Related Articles

Latest Articles