ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍. സഹോദരന്‍ രാജ്യത്തിനു വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനമെന്ന് വസന്തകുമാറിന്‍റെ സഹോദരന്‍ സജീവന്‍ പറഞ്ഞു. വസന്തകുമാറിന്‍റെ മരണം സ്ഥിരീകരിച്ച്‌ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിആര്‍പിഎഫ് 82-ാം ബറ്റാലിയന്‍ അംഗമായിരുന്നു വസന്തകുമാര്‍. ശ്രീനഗറില്‍ പുതിയ ബെറ്റാലിയനിലേക്ക് ചുമതലയേറ്റിട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് വിയോഗം.

ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ പുല്‍വാമയിലെ അവന്തിപ്പോരയില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ 44 സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ സ്‌ഫോടനം നടത്തിയത്.