ശ്രീനഗർ: ജമ്മുകശ്മീരിലെ വർണ്ണാഭമായ കാഴ്ച കാണാൻ ജനതയെ നെഞ്ചോട് ചേർക്കാൻ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. പതിറ്റാണ്ടായുള്ള റെക്കോർഡ് സന്ദർശനം തകർത്താണ് കൊടുംശൈത്യം കുറഞ്ഞതോടെ കശ്മീരിലേയ്‌ക്ക് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നത്. അതിമനോഹരങ്ങളായ തടാകങ്ങളും ടുലിപ് പൂക്കൾ നിറഞ്ഞ താഴ്‌വരകളും കൃഷിയിടങ്ങളും കാണാൻ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ എത്തികൊണ്ടിരിക്കുകയാണെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം രണ്ട് ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ജമ്മുകശ്മീരിലെത്തിയത്. ഇവിടെ ഏറ്റവുമധികം വിനോദ സഞ്ചാരിളെത്തുന്നത് പ്രധാന ആകർഷണങ്ങളിലൊന്നായ ടുലിപ് പൂക്കളുടെ ഉദ്യാനം സന്ദർശിക്കുവാനാണ്. ഏഷ്യയിലെ ഏറ്റവും വിശാലമായ ഉദ്യാനമാണ് ജമ്മുകശ്മീരിലേത്. ഇത്തവണ പത്തരലക്ഷം പൂക്കളാണ് ഇവിടെ വിരിഞ്ഞത്. വിവിധ നിറത്തിലെ ടുലിപ് പൂക്കൾ വിദേശത്തേയ്‌ക്ക് വൻതോതിലാണ് ജമ്മുകശ്മീരിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്.
കോവിഡ് കാലത്തെ എല്ലാ മാന്ദ്യതകളും പരിഹരിക്കാൻ നിലവിൽ വിനോദ സഞ്ചാരത്തിലുണ്ടായ വർദ്ധനവ് ഒരു പരിധിവരെ സഹായിക്കുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്.

