പുൽവാമ: പുല്‍വാമയില്‍ സൈന്യം ഭീകരനെ (Terrorist Killed) വധിച്ചു. ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒരു ഭീകരനെ സൈന്യം വധിച്ചത്. രാജ്പുരയിലെ ഉസ്ഗാംപത്രി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്ന് പുലർച്ചെയായിട്ടും തുടരുകയായിരുന്നു.
അതേസമയം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. നാല് ഭീകരർ ഒളിച്ചിരിക്കുന്നതായി സേനയ്‌ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം പുൽവാമയിലെ കസ്ബയാർ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചിരുന്നു. കൂടാതെ, ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡറെയും സൈന്യം വധിച്ചിരുന്നു.
അതേസമയം ശ്രീനഗറിൽ പോലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണം മൂന്നായി. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലായിരുന്നു ശ്രീനഗറിൽ പോലീസ് ബസിന് നേരെ ഭീകരാക്രമണം നടന്നത്. പരിശീലനത്തിന് ശേഷം ബസിൽ മടങ്ങുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബസിന് പുറത്തുനിന്ന് നിന്ന് അപ്രതീക്ഷിത ആക്രമണമായിരുന്നതിനാൽ പെട്ടെന്ന് പ്രതിരോധിക്കാൻ പോലീസ് സംഘത്തിന് സാധിച്ചില്ല. പരിക്കേറ്റ 13 പേരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ ഒളിച്ച പ്രദേശത്തെ കുറിച്ചുള്ള സൂചനകൾ കിട്ടിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

