ടോക്കിയോ: ജനനനിരക്ക് ക്രമാതീതമായി കുറയുന്നതാണ് വികസിത രാജ്യമായ ജപ്പാനെ കുഴയ്ക്കുന്ന ഒരു പ്രശ്നം. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജനനനിരക്ക് ഉയർത്തുന്നതിനായി നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വെയറുകളും നിർമിക്കാനാണ് ജപ്പാന്റെ പദ്ധതി. കൃത്യതയുള്ള മാച്ച് മേക്കിങ് സംവിധാനങ്ങൾക്ക് ധനസഹായം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ജനങ്ങളെ ജോടിയാക്കാൻ എഐ ഉപയോഗിക്കുന്ന പ്രോജക്റ്റുകൾ അടുത്ത വർഷം മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രാദേശിക സർക്കാരുകൾക്ക് സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജപ്പാനിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 8,65,000ൽ താഴെയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് കുറവാണെന്നാണ് റിപ്പോർട്ട്. ഇപ്പോൾ മനുഷ്യർ നടത്തുന്ന മാച്ച് മേക്കിങ് സേവനങ്ങൾ ലഭ്യമാണ്. കൂടാതെ നിരവധി വെബ്സൈറ്റുകളും ആപ്പുകളുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം മികച്ചതായിരിക്കും എഐ തിരഞ്ഞെടുക്കുന്ന ജോടികൾ.

