Tuesday, May 21, 2024
spot_img

എസ്ഐയെ മർദ്ദിച്ച കേസ്; പ്രതിയായ സൈനികന് ലോക്കപ്പ് മർദ്ദനമെന്ന് പരാതി

ചേര്‍ത്തല: സൈനികന് ലോക്കപ്പ് മർദ്ദനമെന്ന് പരാതി. കൊല്ലം പത്തനാപുരം സ്വദേശി ജോബിൻ സാബുവിനെയാണ് ചേർത്തല പോലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചെന്ന പരാതി. വാഹനപരിശോധനയ്ക്കിടെ എസ്ഐയെ മർദ്ദിച്ച കേസിലെ പ്രതിയാണ് സൈനികൻ.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അമിത വേഗതയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന്, സൈനികനായ ജോബിനെയും സുഹൃത്തുക്കളെയും ഹൈവേ പട്രോളിംഗ് സംഘം ചേർത്തലയിൽ വച്ച് തടഞ്ഞു. പൊലീസുമായി വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി.

ഇതിനിടെ, ഹൈവേ പോലീസ് എസ് ഐ ജോസി സ്റ്റീഫന് പരിക്കേറ്റു. തുടർന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് ജോബിൻ സാബുവിനെ പോലീസുകാർ ക്രൂരമായ മർദ്ദിച്ചെന്നാണ് പരാതി. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ നടക്കാൻ വയ്യാത്ത വിധം അവശനായിരുന്നു ജോബിൻ. ഇതിന്‍റെ ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടു.

പൊലീസുകാരന് പരിക്കേറ്റതിന്‍റെ പ്രകോപനത്തിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയിലെത്തിയാണ് മജിസ്ട്രേറ്റ് ജോബിനെ റിമാൻഡ് ചെയ്തത്. പോലീസുകാർ മർദ്ദിച്ചെന്ന് സൈനികൻ മജിസ്ട്രേറ്റിന് മൊഴി നൽകി.

വൈദ്യസഹായം ഉറപ്പാക്കാൻ കോടതി നൽകിയ ഉത്തരവിൻ പ്രകാരം സൈനികരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലോക്കപ്പ് മർദ്ദനം ചൂണ്ടിക്കാട്ടി സൈനികന്‍റെ ബന്ധുക്കൾ ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles