സൂപ്പർ താരം ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന “സണ്ണി”യുടെ ട്രെയിലർ പുറത്ത്. ടൈറ്റില്‍ കഥാപാത്രമായ സണ്ണിയായാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യയുടെ മികച്ച പ്രകടനമാണ് ട്രെയിലറിൽ കാണാനാകുന്നത്. സ്ക്രീനിൽ എത്തുന്ന ഏക കഥാപാത്രം ജയസൂര്യയാണെന്നത് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. മാത്രമല്ല ഇത് ഏഴാം തവണയാണ് ഒരു രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുന്നത്.
അതേസമയം ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണിത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുന്ന സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ഹോട്ടൽ മുറിയിൽ ക്വാറന്‍റീനിൽ കഴിയുന്ന അദ്ദേഹം കടന്നുപോകുന്ന മാനസിക സമ്മർദ്ദങ്ങളാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. ശബ്ദ സാന്നിധ്യമായാണ് മറ്റു കഥാപാത്രങ്ങൾ ചിത്രത്തിലെത്തുന്നത്.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-ഫൈനല്‍ മിക്സ് സിനോയ് ജോസഫ്. ആമസോൺ പ്രൈമിലൂടെ സെപ്റ്റംബർ 23നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യയുള്‍പ്പെടെ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം കാണാനാവും.

