Friday, October 30, 2026

പോപ്പ് ഗായിക ലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ചു: വർഷങ്ങൾക്ക് ശേഷം ഇരുപതുകാരന് നാലു വര്‍ഷം തടവ്

അമേരിക്ക: പോപ്പ് ഗായിക ലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ച കേസില്‍ ഇരുപതുകാരനായ ജയ്‌ലിന്‍ കെയ്ഷോണ്‍ വൈറ്റിനെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. കേസിലെ മൂന്ന് പ്രതികളില്‍ ഒരാളാണ് ഇയാള്‍. നിലവില്‍ മറ്റൊരു കവര്‍ച്ചാ കേസിലെ പ്രതിയാണ് ഇദ്ദേഹം. നേരത്തെ വധശ്രമം, കവര്‍ച്ച, ഗൂഢാലോചന എന്നീ കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലേഡി ഗാഗയ്ക്ക് ഫ്രഞ്ച് ബുള്‍ഡോഗിന്‍റെ മൂന്ന് നായ്ക്കള്‍ ഉണ്ടായിരുന്നു, കോജി, ഗുസ്താവ്, മിസ് ഏഷ്യ. ഇവയെ പരിചരിക്കുന്ന റയാന്‍ ഫിഷര്‍ എന്ന യുവാവ് നായ്ക്കളെയുംകൊണ്ട് നടക്കാനിറങ്ങിയപ്പോള്‍ കാറില്‍ എത്തിയ അഞ്ജാതസംഘം തടഞ്ഞു. തുടര്‍ന്ന് ഫിഷറിന് നേരെ വെടിയുതിര്‍ക്കുകയും രണ്ട് നായ്ക്കളുമായി കടന്നുകളയുകയായിരുന്നു. രക്ഷപ്പെട്ട മിസ് ഏഷ്യ എന്ന നായയെ പിന്നീട് പോലീസ് കണ്ടെത്തി. റയാന്‍ ഫിഷറിന്‍റെ നെഞ്ചിലാണ് വെടിയേറ്റത്.

ലേഡി ഗാഗ തന്നെയാണ് നായ്ക്കളെ മോഷ്ടിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നവര്‍ക്ക് 3.5 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്തു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, പ്രദേശവാസിയായ സ്ത്രീ നായ്ക്കളെ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലേഡി ഗാഗ വാഗ്ദാനം ചെയ്ത തുക പിന്നീട് യുവതിക്ക് കൈമാറുകയും ചെയ്തു.

Related Articles

Latest Articles