Saturday, May 4, 2024
spot_img

ജെസ്ന കേസ്: പുതിയ തെളിവ് നൽകിയാൽ തുടരന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജസ്നയുടെ പിതാവിന് നിർദ്ദേശം

ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ, കോടതിയിൽ അറിയിച്ചു. ജെസ്നയുടെ പിതാവ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിലാണ് വ്യക്തമാക്കിയത്. ഇതോടെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം നൽകി. കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി.

പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടായിരുന്നു സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജസ്നയുടെ അച്ഛൻ കോടതിയെ സമീപിച്ചത്. ജസ്ന ജീവിച്ചിരിപ്പില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നുമായിരുന്നു അച്ഛന്‍റെ ആവശ്യം.

“ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവ‍ർത്തിച്ചത്. വസ്തുത തെളിയിക്കുന്ന തെളിവ് കയ്യിലുണ്ട്. ഒരു വ്യാഴാഴ്ചയാണ് ജെസ്നയെ കാണാതാകുന്നത്. അതുപോലെ മൂന്നാല് വ്യാഴാഴ്ചകളിൽ കോളേജിൽ ചെല്ലാത്ത ദിവസങ്ങളുണ്ട്.”- ജസ്നയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു . കൂടുതൽ വിവരങ്ങൾ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയതെന്നും സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ തങ്ങൾ അന്വേഷണം നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

Related Articles

Latest Articles