Saturday, May 18, 2024
spot_img

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരിൽ ഒരാൾ! ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം

ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം. കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരാണ് ത്രിമൂര്‍ത്തികളെന്ന് പേര്‍ വിളിക്കുന്ന ത്യാഗരാജനും മുത്തുസ്വാമിദീക്ഷിതരും ശ്യാമശാസ്ത്രികളും. അവരുടെ അനശ്വര സംഭാവനയായ കീര്‍ത്തനങ്ങളിലാണ് ദക്ഷിണേന്ത്യന്‍ സംഗീതത്തിന്‍റെ അടിത്തറ നിലനില്‍ക്കുന്നത്.

ഋഷിതുല്യനായ സംഗീതജ്ഞനാണ് ത്യാഗരാജന്‍. അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ വാക്കിന്‍റെ ആഡംബരങ്ങളോ വച്ചുകെട്ടുകളോ കാണില്ല. പരിപൂര്‍ണ്ണമായ വിനയമെന്തെന്ന് പഠിപ്പിക്കുന്ന ലാളിത്യമാണ് അദ്ദേഹത്തിന്‍റെ കീര്‍ത്തനങ്ങളുടെ സവിശേഷത.

തഞ്ചാവൂരിനടുത്തുള്ള തിരുവാരൂരില്‍ 1764 മെയ് 4നു ജനിച്ച അദ്ദേഹം തിരുവൈയാറില്‍ ആണ് വളര്‍ന്നത്. പണ്ഡിതനായ രാമബ്രഹ്മവും ഗായികയായിരുന്ന സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.
അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ ഗിരിരാജകവി തഞ്ചാവൂര്‍ സദസ്സില്‍ അംഗമായിരുന്നു. ശ്രീരാമ ബ്രഹ്മവും ശ്രീരാമകൃഷ്ണ നന്ദയും ത്യാഗരാജന്‍റെ സംഗീത ജീവിതത്തിന്‍റെ പ്രരംഭ ദശയില്‍ പ്രേരണയായിരുന്നു. നാരദമുനികളുടെ സ്വാധീനം പില്‍ക്കാല കൃതികളില്‍ കാണാം. പ്രശസ്ത കീര്‍ത്തന സമാഹാരമായ സരര്‍ണവ ഇതിന് തെളിവാണ്. കാനഡ രാഗത്തിലുള്ള ശ്രീനാരദ എന്ന കൃതിയും, ദര്‍ബാര്‍ രാഗത്തിലുള്ള കൃതി നാരദ ഗുരുസ്വാമിയും , വിജയശ്രീ രാഗത്തിലുള്ള വാരനാരദയും, ത്യാഗരാജ സംഗീതത്തിലെ നാരദ സ്വാധീന രചനകളാണ്.

സംസ്‌കൃതത്തിലും തെലുങ്കിലുമായി രണ്ടായിരത്തിലധികം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. എല്ലാ കീര്‍ത്തനങ്ങളിലും തന്റെ ഇഷ്ടദേവനായ രാമ പദം സന്നിവേശിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പ്രഹ്ലാദ ഭക്തിവിജയം, നൗകാചരിതം എന്നീ സംഗീത നാടകങ്ങളും രചിച്ചിട്ടുണ്ട്. 1847 ജനുവരി 6ാം തീയതി തിരുവയ്യാറില്‍വച്ച് ത്യാഗരാജന്‍ അന്തരിച്ചു.

ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഇവിടെ ഒരു ത്യാഗരാജക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇവിടെവച്ച് നടത്തപ്പെടുന്ന ത്യാഗരാജസംഗീതോത്സവത്തില്‍ രാജ്യത്തെ പ്രശസ്തരായ സംഗീതജ്ഞര്‍ കീര്‍ത്തനാലാപനത്തിലൂടെ സ്വാമികളോടുള്ള തങ്ങളുടെ ആദരവ് പ്രകടിപ്പിക്കുന്നു.

Related Articles

Latest Articles