Friday, May 17, 2024
spot_img

ജെസ്‌ന തിരോധാനം !അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി

ജെസ്‌ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടരന്വേഷണം നടത്താമെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. കേസ് അന്വേഷിച്ച പോലീസ് നിർണ്ണായകമായ ആദ്യ 48 മണിക്കൂർ പോലീസ് ഒന്നും ചെയ്തില്ലെന്നും ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊർജിതമാക്കിയതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു. ജെസ്‌ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്.

2018 മാർച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജെസ്‌നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനോ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനോ സാധിച്ചിരുന്നില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Related Articles

Latest Articles