Saturday, September 19, 2026

ജാര്‍ഖണ്ഡിൽ ഭരണകക്ഷി എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് ചായുമെന്ന ഭയത്തിൽ ജെഎംഎം; എംഎൽഎമാരെ മാറ്റാൻ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തുവെന്ന് റിപ്പോർട്ട് !

ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രിയായി ജെഎംഎം നിർദേശിച്ച നിലവിലെ ജാര്‍ഖണ്ഡ് ഗതാഗത മന്ത്രി ചംപായ്‌ സോറനെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഇതുവരെ ക്ഷണിച്ചിട്ടില്ല. ഭരണകക്ഷി എംഎല്‍എമാർ ബിജെപി പക്ഷത്തേക്ക് ചായുമെന്ന ഭയത്തെത്തുടർന്ന് അവരെ സംസ്ഥാനത്തു നിന്ന് മാറ്റാനുള്ള ശ്രമങ്ങളും ജെഎംഎം തുടങ്ങി.

ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിലെ എല്ലാ എംഎല്‍എമാരേയും തൽക്കാലം ഹൈദരാബാദിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ തന്നെ ജെഎംഎം ബുക്ക് ചെയ്തു കഴിഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ 47 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്ന ജെഎംഎം നേതാവ് ചംപായ്‌ സോറന്‍ ഇന്നലെ അവകാശപ്പെട്ടിരുന്നു. ഹേമന്ത് സോറന്റെ അറസ്റ്റുണ്ടായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിക്കസേരയിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകൾ. എന്നാൽ ഇതിനോട് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയർന്നതോടെയാണ് ചംപൈ സോറൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായത്.

ഇതിനിടെ തങ്ങളെ പിന്തുണയ്ക്കുന്ന മുഴുവന്‍ എംഎല്‍എമാരുമായി രാജ്ഭവനില്‍ എത്താമെന്ന് അറിയിച്ച് ചംപായ് സോറന്‍ ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 5.30ന് ഗവര്‍ണര്‍ സമയം അനുവദിച്ചതായെന്ന വാർത്തയും വരുന്നുണ്ട്.

Related Articles

Latest Articles